ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ജബൽപുരിലെ ദമോഹ് നാക്കയിലെ ന്യൂ ലൈഫ് മൾട്ടിസ്‌പെഷൽറ്റി ഹോസ്പിറ്റലിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ പത്തു പേർ മരിച്ചതായി ജബൽപുർ ജില്ലാ കലക്ടർ സ്ഥിരീകരിച്ചു.

അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീകെടുത്താനുള്ള ശ്രമത്തിലാണ്. ഇവിടെ ചികിൽസയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിലെ താഴത്തെ നിലയിലെ വൈദ്യുതി ബന്ധത്തിലുണ്ടായ ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.