- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കള്ളപ്പണം വെളിപ്പിക്കൽ കേസ്: സഞ്ജയ് റാവത്ത് ഓഗസ്റ്റ് നാല് വരെ ഇഡി കസ്റ്റഡിയിൽ; അറസ്റ്റ്, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്ന് റാവത്തിന്റെ അഭിഭാഷകൻ
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇഡി നടപടി പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് ശിവസേന ആരോപിച്ചു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് വാദത്തിനിടെ റാവത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 12: 40നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും ഞായറാഴ്ച രാവിലെ 7: 30 മുതൽ അദ്ദേഹം ഇഡിയുടെ തടവിലായിരുന്നു. രേഖകളില്ലാതെയാണ് അദ്ദേഹത്തെ തടവിൽ വച്ചതെന്നും പുറത്തിറങ്ങാൻ അനുവദിച്ചതില്ലെന്നും അഭിഭാഷകൻ പറഞ്ഞു. റാവത്ത് ഹൃദ് രോഗിയാണെന്നും ആരോഗ്യനില മോശമാകുന്നതിനാൽ രാത്രി ഏറെ നേരം ചോദ്യം ചെയ്യരുതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇന്നലെയാണ് റാവത്തിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. തുടർന്ന് ആറുമണിക്കൂർ ചോദ്യം ചെയ്തശേഷം സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് വൈകിട്ട് അഞ്ചോടെ കസ്റ്റഡിയിലെടുത്ത് മുംബൈ ഇഡി ഓഫീസിലെത്തിച്ചു. അർധരാത്രിക്കുശേഷം 60കാരനായ സഞ്ജയ് റാവത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 11.5 ലക്ഷം രൂപയും സംഘം പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈയിലെ ഗോരേഗാവിൽ 47 ഏക്കർ വരുന്ന പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് ഇഡി റാവത്തിനെ 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. പിന്നീട് രണ്ടു തവണ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചെങ്കിലും പാർലമെന്റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കള്ളക്കേസും വ്യാജ തെളിവുകളുമാണ് ഇഡി കൈവശമുള്ളതെന്നും തലപോയാലും കേന്ദ്രത്തിന് കീഴടങ്ങില്ലെന്നും റാവത്ത് മാധ്യമപ്രവർത്തകരോട് നേരത്തെ പ്രതികരിച്ചിരുന്നു.