ചെന്നൈ: തമിഴ്‌നാട്ടിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. തെങ്കാശി, തിരുനെൽവേലി,കന്യാകുമാരി എന്നീ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് തിങ്കളാഴ്ച അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി, തേനി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 19 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തീരമേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കും. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഇന്നു മുതൽ വ്യാഴാഴ്ച വരെയാണ് മുന്നറിയിപ്പ്.

തഞ്ചാവൂർ, തിരുവാരൂർ, കോയമ്പത്തൂർ, മധുര പ്രദേശങ്ങളിൽ ഇടവിട്ട മഴ തുടരുന്നുണ്ട്. പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. കാര്യമായ കൃഷിനാശവും സംഭവിച്ചു. വൈഗ നദിയിൽ നീരൊഴുക്ക് കൂടിയതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി. സേലം മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനും സാധ്യതയുണ്ട്.