മുംബൈ: സഞ്ജയ് റാവത്താണ് ശരിയായ ശിവസൈനികനെന്നും അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. തെലുങ്ക് ചിത്രമായ പുഷ്പയിലെ 'ജൂഖേക നഹി (കുമ്പിടുകയില്ല)' എന്ന ഡയലോഗ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമർശം. മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സർക്കാരിനേയും ഹിറ്റലറുമായി ബന്ധിപ്പിച്ചായിരുന്നു പരാമർശം.

'പുഷ്പ എന്ന ചിത്രത്തിൽ ഒരു ഡയലോഗുണ്ട്- 'ജൂഖേക നഹി'. യഥാർത്ഥത്തിൽ ശരിയായ ശിവസൈനികൻ സഞ്ജയ് റാവത്ത് ആണ്. അങ്ങനെ ആരുടെ മുമ്പിലും കുമ്പിടുകയില്ല എന്ന് പറഞ്ഞ പലരും ഇന്ന് മറുകണ്ടം ചാടിയിരിക്കുകയാണ്. അതല്ല ഒരിക്കലും ബാലാസാഹെബ് താക്കറെ കാണിച്ചു തന്ന പാത. റാവത്ത് ശരിയായ ശിവസൈനികൻ തന്നെയാണ്,' അദ്ദേഹം പറഞ്ഞു.

'സഞ്ജയ് റാവത്തിനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹം എന്ത് കുറ്റമാണ് ചെയ്തിരിക്കുന്നത്? അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ഒരു ശിവസൈനികനാണ്. ശരിയല്ലെന്ന് ബോധ്യമുള്ള കാര്യങ്ങളെ ഭയമില്ലാതെ വിമർശിക്കുന്ന വ്യക്തിയാണ്,' താക്കറെ കൂട്ടിച്ചേർത്തു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഒരുവേളയിൽ ഹിറ്റ്ലർ ജയിക്കുന്നതായി തോന്നിമെന്നും ഒരു കാർട്ടൂണിസ്റ്റ് ആണ് ഹിറ്റ്ലറിന്റെ ക്രൂരതകൾ നിരന്തരം തുറന്നുകാട്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കാർട്ടൂണിസ്റ്റ് മരിച്ച് കാണണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം. ഹിറ്റ്ലറുടെ ഈ കഥ തനിക്ക് പറഞ്ഞു തന്നത് ഹിന്ദു ഹൃദയത്തിന്റെ സമ്രാട്ടായ തന്റെ അച്ഛനാണെന്നും താക്കറെ പറയുന്നു.

ഇ.ഡിയേയും സിബിഐയേയും ഒക്കെ കൈക്കലാക്കിവെച്ചിട്ട് എന്ത് ജനാധിപത്യമാണ് ബിജെപി സർക്കാർ നടത്തുന്നതെന്നും താക്കറെ ചോദിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നാല് ദിവസം റാവത്തിനെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് മുംബൈ ഹൈക്കോടതിയും ഉത്തരവിറക്കിയിരുന്നു.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ശിവസേന എംപി സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പത്ര ചൗൾ ഭൂമി കുംഭകോണ കേസിലാണ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.