സെന്റ് കിറ്റ്‌സ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങാൻ രണ്ട് മണിക്കൂർ വൈകും. നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് പകരം രാത്രി 10 മണിക്കായിരിക്കും മത്സരം തുടങ്ങുക. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കായിരിക്കും മത്സരം ആരംഭിക്കുക.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിന് വേദിയായ ട്രിനിഡാഡിൽ നിന്ന് ഇരു ടീമുകളുടെയും കിറ്റുകൾ അടങ്ങിയ ലഗേജ് എത്താൻ വൈകിയതിനാലാണ് മത്സരം തുടങ്ങാനും താമസിക്കുന്നതെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് വ്യക്തമാക്കി.

ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിന്റെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങൾക്കൊണ്ട് ട്രിനിഡാഡിൽ നിന്ന് സെന്റ് കിറ്റ്‌സിലേക്ക് ടീമുകളുടെ കിറ്റ് അടങ്ങിയ ലഗേജുകൾ താമസിച്ചുപോയെന്നും ഇതിനാൽ ഇന്ന് നടക്കേണ്ട ടി20 പരമ്പരയിലെ രണ്ടാം മത്സരം പ്രാദേശിക സമയം 12.30ന്(ഇന്ത്യൻ സമയം രാത്രി 10ന്)മാത്രമെ തുടങ്ങൂവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ക്രിക്കറ്റ് ആരാധകർക്കും സ്‌പോൺസർമാർക്കും ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

മത്സരത്തിനായി കാണികളെ പ്രാദേശിക സമയം 10 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരതതിൽ ആധികാരിക ജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പരയിൽ ആധിപത്യമുറപ്പിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

5 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ കളിയിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഫിനിഷർ ദിനേഷ് കാർത്തിക്കിന്റെയും ഉജ്വല ബാറ്റിങ്ങിന്റെയും സ്പിൻത്രയത്തിന്റെയും മികവിൽ ഇന്ത്യ 68 റൺസിന് ജയിച്ചിരുന്നു. ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി ബാറ്റിങ് ലൈനപ്പിൽ ഇന്ത്യ പരീക്ഷണം തുടരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സൂര്യകുമാർ യാദവ് ഈ വർഷം ഇന്ത്യ പരീക്ഷിച്ച ഏഴാമത്തെ ഓപ്പണറാണ്.