- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാപ്പന് പിന്നാലെ മേ ഹൂം മൂസ; കൊമ്പൻ മീശയുമായി സുരേഷ് ഗോപി; ഫസ്റ്റ് ലുക്ക് പുറത്തെത്തി; ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചു
കൊച്ചി: പാപ്പൻ തിയറ്ററുകളിൽ സമ്മിശ്ര പ്രേക്ഷക പ്രതികരണം നേടി തുടരുമ്പോൾ സുരേഷ് ഗോപി നായകനാവുന്ന അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മേ ഹൂം മൂസ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ജിബു ജേക്കബ് ആണ് സംവിധാനം. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കൊമ്പൻ മീശ വച്ചാണ് മൂസയെന്ന കഥാപാത്രം പോസ്റ്ററിൽ. അടുത്തടുത്ത രണ്ട് ചിത്രങ്ങളിൽ സുരേഷ് ഗോപി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്‌ത്തുന്നത്.
കൊമ്പൻ മീശയുമായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യമായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സമകാലിക ഇന്ത്യൻ അവസ്ഥകൾ കടന്നുവരുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. 1998 മുതൽ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുൻ ചിത്രങ്ങളിലേതുപോലെ നർമ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് അറിയിച്ചിരുന്നു.
വലിയ കാൻവാസിലും ബജറ്റിലുമാവും മേ ഹൂം മൂസ ഒരുങ്ങുക. പാൻ- ഇന്ത്യൻ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇതെന്ന് ടൈറ്റിൽ ലോഞ്ച് വേദിയിൽ സംവിധായകൻ ജിബു ജേക്കബ് പറഞ്ഞിരുന്നു. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ഹരീഷ് കണാരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. രചന രൂബേഷ് റെയിൻ, ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികൾ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, വസ്ത്രാലങ്കാരം നിസാർ റഹ്‌മത്ത്, മേക്കപ്പ് പ്രദീപ് രംഗൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌കർ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഷാബിൽ, സിന്റോ, ബോബി, സ്റ്റിൽസ് അജിത്ത് വി ശങ്കർ, ഡിസൈൻ ഏസ്തെറ്റിക് കുഞ്ഞമ്മ.