കോഴിക്കോട്: ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെ വിമർശിച്ച് ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൾ വഹാബ്. ശ്രീറാം വെങ്കിട്ടരാമൻ എന്നയാൾ മൂലം കേരളത്തിന്റെ അഭിമാനമായ രണ്ടാം പിണറായി സർക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടാതിരിക്കട്ടെയെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ അബ്ദുൾ വഹാബ് പറയുന്നു.

'സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രയത്നത്തിലാണ് സർക്കാരുകളുണ്ടാകുന്നത്. എന്നാൽ മേലേക്കിട ഉദ്യോഗസ്ഥരുടെ വിചാരം അവരാണ് സർക്കാർ എന്നാണ്. ഒരു സർക്കാരിലും അരക്കാശിന്റെ മുടക്കില്ലാത്തവരാണ് അവർ, അവരിൽ പലരും അഹങ്കാരം കൊണ്ട് കണ്ണ് കാണാത്തവരാണ്. വഴിയോരത്ത് നിൽക്കുന്നവരെ, നടന്നുപോകുന്നവരെ അവർ കാണണമെന്നില്ല. ശ്രീറാം വെങ്കിട്ടരാമൻ എന്നയാളെക്കൊണ്ട്, കേരളത്തിന്റെ അഭിമാനമായ രണ്ടാം പിണറായി സർക്കാരിന്റെ പ്രതിഛായ കളങ്കപ്പെടാതിരിക്കട്ടെ', എ പി അബ്ദുൾ വഹാബ് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

'സർക്കാരുകളുണ്ടാവുന്നത് ജനങ്ങളുടെ പ്രയത്നം കൊണ്ടാണ്. പ്രത്യേകിച്ചും, സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും. തെരഞ്ഞെടുപ്പ് കാലത്ത്, നേരെ ചൊവ്വേ ഭക്ഷണം പോലുമില്ലാതെ, പണിക്ക് പോകാൻ പോലുമാവാതെ, സ്വന്തം കുടുംബത്തെ അരപ്പട്ടിണിയിലാക്കിയാണ് അവരുടെ പ്രയത്നം. പകരം കിട്ടുന്നതാണ് അവർക്ക് സർക്കാർ, അതിന്റെ സന്തോഷവും.

എന്നാൽ, ഉദ്യോഗസ്ഥരുടെ, വിശേഷിച്ചും മേലെക്കിട ഉദ്യോഗസ്ഥരുടെ വിചാരം അവരാണ് സർക്കാർ എന്നാണ്. ഒരു സർക്കാരിലും അരക്കാശിന്റെ മുടക്കില്ലാത്തവരാണ് അവർ, അവരിൽ പലരും അഹങ്കാരം കൊണ്ട് കണ്ണ് കാണാത്തവരാണ്. വഴിയോരത്ത് നിൽക്കുന്നവരെ, നടന്നുപോകുന്നവരെ അവർ കാണണമെന്നില്ല.ശ്രീറാം വെങ്കിട്ടരാമൻ എന്നയാളെക്കൊണ്ട്, കേരളത്തിന്റെ അഭിമാനമായ രണ്ടാം പിണറായി സർക്കാരിന്റെ പ്രതിഛായ കളങ്കപ്പെടാതിരിക്കട്ടെ.

കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ വാഗ്മിയും സാമൂഹ്യ സന്നദ്ധ സേവന രംഗത്തെ നിറസാന്നിദ്ധ്യവുമായ പഴശ്ശി എൻ.അബ്ദുല്ലത്തീഫ് സഅദിയുടെ വേർപാടും വലിയ വേദനയുണ്ടാക്കുന്ന മുറിപ്പാടായി. വിയോഗപ്പെട്ട പണ്ഡിത ശ്രേഷ്ഠന് പടച്ചവൻ മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ.'