ന്യൂഡൽഹി: പായ്ക്ക് ചെയ്ത ഭക്ഷ്യസാധനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. കേരളമടക്കം ഒരു സംസ്ഥാനത്തെയും ധനമന്ത്രിമാർ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനത്തെ എതിർത്തില്ലെന്ന് ലോക് സഭയിൽ വിലക്കയറ്റ ചർച്ചക്ക് ധനമന്ത്രി നിർമ്മല സീതരാമാൻ മറുപടി നൽകി.

ആശുപത്രി ഐസിയു , മോർച്ചറി, ശ്മശാനം എന്നിവക്ക് ജിഎസ്ടി ഏർപ്പെടുത്തിയെന്ന വാദം മന്ത്രി തള്ളി. ഒരു മാസത്തെ ജി.എസ്.ടി കുടിശികയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ളതെന്നും ജൂൺ മാസത്തിലെ കുടിശ്ശിക സംസ്ഥാനങ്ങൾ എ.ജിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉടൻ അനുവദിക്കുമെന്നും അവർ വ്യക്തമാക്കി.

അതേസമയം വിലക്കയറ്റത്തെക്കുറിച്ച് ലോക്‌സഭയിൽ നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ പ്രതിപക്ഷം ലോക്‌സഭയിൽ നിന്നും ഇറങ്ങി പോയി. സാമാന്യ ബോധത്തെ പരിഹസിക്കരുതാണ് ധനമന്ത്രിയുടെ പ്രസ്താവന എന്ന് വിമർശിച്ചാണ് കോൺഗ്രസും ഡിഎംകെയും തൃണമൂലും അടക്കമുള്ള കക്ഷികൾ സഭയിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയത്.

എന്നാൽ പ്രതിപക്ഷ കക്ഷികൾ വാക്കൗട്ട് നടത്തിയ ശേഷവും ധനമന്ത്രി നിർമലാ സീതാരാമൻ മറുപടി തുടർന്നു. പ്രതിപക്ഷം കള്ളക്കണക്കുകൾ പറഞ്ഞ് മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും താൻ പറയുന്നത് കേൾക്കാൻ ത്രാണിയില്ലാതെയാണ് ഇപ്പോൾ സഭ വിട്ടു പോയതെന്നും നിർമല പരിഹസിച്ചു.

ചർച്ചക്കിടെ പ്രതിപക്ഷവുമായി നിരന്തരം ധനമന്ത്രി ഏറ്റുമുട്ടി.യുപിഎ സർക്കാരിന്റെ കാലത്ത് 9 തവണ നാണയപ്പെരുപ്പം രണ്ടക്കത്തിലെത്തിയിരുന്നു എന്ന യാഥാർത്യം മനസിലാക്കി മതി കുതിരകയറാനുള്ള ശ്രമമെമെന്ന് മന്ത്രി ആഞ്ഞടിച്ചു.ബഹളം വച്ച കോൺഗ്രസ് മറുപടി തൃപ്തികരമല്ലെന്ന് പ്രതികരിച്ച് ആദ്യം സഭ വിട്ടു.പെൻസിലിനും, പെൻസിൽ കട്ടറിന് നികുതി ഏർപ്പെടുത്തി പ്രധാനമന്ത്രി കുട്ടികളെ പോലും വെറുതെ വിട്ടില്ലെന്ന കനിമൊഴി എംപിയുടെ ആരോപണത്തിന് തമിഴിൽ ധനമന്ത്രി പരിഹാസമുയർത്തിയതോടെ ഡിഎംകെ അടക്കമുള്ള മറ്റ് കക്ഷികളും ഇറങ്ങിപോയി.

പ്രതിപക്ഷം തന്നെ പരിഹസിക്കുന്നുവെങ്കിൽ മറുപടിയും അങ്ങനെ തന്നെയായിരിക്കുമെന്ന് നിർമല പറഞ്ഞു. മറുപടി പ്രസംഗത്തിനിടെ പലവട്ടം ധനമന്ത്രിയും പ്രതിപക്ഷ അംഗങ്ങളും സഭയിൽ കൊമ്പ് കോർത്തു. തന്നെ വിമർശിച്ച സംസാരിച്ച തൃണമൂൽ എംപി സൗഗത റോയിയോട് നിർമല കയർത്തു. സ്ത്രീകളോട് ബഹുമാനം കാട്ടാത്തയാളാണ് സൗഗതയെന്ന് ധനമന്ത്രി പറഞ്ഞു.

വിമർശനവുമായി എത്തിയ ഡിഎംകെ കനിമൊഴിയോടും കടുത്ത ഭാഷയിലാണ് നിർമലാ സീതാരാമൻ സംസാരിച്ചത്. ധനവകുപ്പിനെതിരെ ഉയർത്തിയ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയേ താൻ നിർത്തൂവെന്ന് നിർമല പറഞ്ഞു.

പെൻസിലിനും, പെൻസിൽ കട്ടറിനും, പാലിനും വില കൂട്ടിയെന്ന് തമിഴിൽ പറഞ്ഞാൽ മറുപടി കൊടുക്കില്ലെന്ന് കരുതിയോ? ഇക്കുറി പെൻസിലിന് ജിഎസ്ടി കൂട്ടിയിട്ടില്ലെന്ന് കനിമൊഴിയുടെ ആരോപണത്തിന് മറുപടിയായി നിർമല പറഞ്ഞു. 2021 നവംബറിൽ പെട്രോളിനും, ഡീസലിനും വില കുറച്ചത് ഓർമ്മയില്ലേയെന്നും ധനമന്ത്രി കനിമൊഴിയോട് പറഞ്ഞു. 5 മണിക്കൂർ നീണ്ടുനിന്ന ചർച്ചക്ക് ഒരു മണിക്കൂർ കൊണ്ട് മറുപടി പറയണമെന്ന് പറയുന്നത് ന്യായമല്ലെന്നും അവർ കൂട്ടിച്ചേർത്തു.