മധുര: തിളച്ചുകൊണ്ടിരുന്ന കഞ്ഞിപ്പാത്രത്തിലേക്കു വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിൽ 'ആടി വേലി' ആഘോഷത്തിനിടെയാണ് അപകടം സംഭവിച്ചത്. ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. മുത്തുകുമാർ എ. മുരുകൻ എന്നയാളാണ്‌ െപാള്ളലേറ്റ് മരിച്ചത്. കഴിഞ്ഞ മാസം 29നാണ് അപകടമുണ്ടായത്. കഞ്ഞി തിളച്ചുകൊണ്ടിരുന്ന വലിയ പാത്രത്തിലേക്ക് യുവാവ് വീഴുകയായിരുന്നു.

'ആടി വേലി' ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് കഞ്ഞി വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. ഇത്തരത്തിൽ കഞ്ഞി തയാറാക്കുന്ന വലിയ പാത്രത്തിലേക്ക് യുവാവ് അബദ്ധത്തിൽ വീഴുകയായിരുന്നു. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകൊണ്ടിരുന്ന കഞ്ഞിപ്പാത്രത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു.

ബോധം പോയ മുത്തുകുമാറിന് പെട്ടെന്ന് എഴുന്നേൽക്കാനും കഴിഞ്ഞില്ല. രക്ഷിക്കാൻ ശ്രമിച്ചവർക്കും പൊള്ളലേറ്റു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.