തായ്‌പെയ്: ചൈനയുടെ കടുത്ത മുന്നറിയിപ്പുകൾ അവഗണിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്വാനിൽ. ഏഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന നാൻസി പെലോസിയുമായി അമേരിക്കൻ വിമാനം തായ്വാനിൽ ഇറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തയ്വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനാണ് ഈ സന്ദർശനമെന്ന് തയ്വാനിലെത്തിയ നാൻസി പെലോസി ട്വീറ്റ് ചെയ്തു. യുഎസും ചൈനയും 1979ൽ ഉണ്ടാക്കിയ ഉടമ്പടിയുടെ യാതൊരു ലംഘനവും അമേരിക്ക നടത്തുന്നില്ലെന്നും പെലോസി ട്വിറ്ററിൽ കുറിച്ചു.

തായ്വാൻ നേതൃത്വവുമായുള്ള ഞങ്ങളുടെ ചർച്ചകൾ, അവർക്കുള്ള പിന്തുണ ഉറപ്പാക്കുന്നതും സ്വതന്ത്ര ഇന്തോ-പസഫിക് മേഖലയുടെയടക്കം താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമാണ്. സ്വേച്ഛാധിപത്യമോ ജനാധിപത്യമോ എന്ന തിരഞ്ഞെടുപ്പിനെ ലോകം അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ തായ്വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാർഢ്യം എന്നത്തേക്കാളും പ്രധാനമാണെന്നും അവർ പറഞ്ഞു. അതേസമയം പെലോസിയുടെ സന്ദർശനത്തെ 'തീക്കളി' എന്നു വിശേഷിപ്പിച്ച ചൈന യുദ്ധവിമാനം തായ് വാൻ അതിർത്തിയിലേക്ക് അയച്ച് പ്രതിഷേധം കടുപ്പിച്ചു.

തയ്വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് വളരെയടുത്തുവരെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തി പ്രകോപനം സൃഷ്ടിച്ചു. പെലോസി തയ്വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നൽകിയിരുന്നു.

സിങ്കപുർ, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് നാൻസി പെലോസി തായ്വാനിലെത്തിയത്. 25 വർഷത്തിനിടെ തായ്വാൻ സന്ദശിക്കുന്ന ആദ്യ ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി. ഇതിനിടെ ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

25 വർഷത്തിനു ശേഷമാണ് യുഎസിലെ ഉന്നത ചുമതലയുള്ള വ്യക്തി ഇവിടെ സന്ദർശനം നടത്തുന്നത്. തയ്വാൻ തങ്ങളുടേതാണെന്ന വാദത്തിലാണ് ചൈന. തയ്വാനെ ഉപയോഗിച്ച് ചൈനയെ നിയന്ത്രിക്കാനാണ് യുഎസിന്റെ നീക്കമെന്നാണ് അവരുടെ വിമർശനം. 'ഏക ചൈന' എന്ന ആശയത്തെ വളച്ചൊടിക്കുകയും ഇരുട്ടിലാക്കുകയുമാണ് തയ്വാനുമായി നടത്തുന്ന ഇടപെടലുകളിലൂടെ യുഎസ് ചെയ്യുന്നത്. തീകൊണ്ടുള്ള ഏറ്റവും അപകടകരമായ കളിയാണിത്. തീകൊണ്ടു കളിക്കുന്നവർ തീകൊണ്ടു നശിക്കുമെന്നും ചൈന മുന്നറിയിപ്പു നൽകി.

യുഎസ് പ്രതിനിധിയുടെ സന്ദർശനത്തോടുള്ള എതിർപ്പ് പരസ്യമാക്കാൻ മിസൈൽ വിക്ഷേപണം നടത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ചൈന കടന്നേക്കാമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി അഭിപ്രായപ്പെട്ടു. ഔദ്യോഗികമായി തയ്വാനുമായി നയതന്ത്രബന്ധമില്ലെങ്കിലും, തയ്വാൻ ദ്വീപിന്റെ അതിർത്തി സംരക്ഷിക്കാൻ യുഎസ് നിയമപരമായി ബാധ്യസ്ഥരാണെന്ന് കിർബി ചൂണ്ടിക്കാട്ടി.

അതിനിടെ, വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ നാലു യുദ്ധക്കപ്പലുകൾ യുഎസ് തയ്വാന്റെ കിഴക്കായി കടലിൽ വിന്യസിച്ചിട്ടുണ്ട്. പതിവു നടപടികളുടെ ഭാഗമാണ് ഇതെന്നാണ് വിശദീകരണം. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്എസ് റൊണാൾഡ് റീഗൻ ഇപ്പോൾ തയ്വാനു കിഴക്ക് ഫിലിപ്പീൻസ് കടലിലുണ്ട്. യുഎസ്എസ് ആന്റിയെറ്റാം, യുഎസ്എസ് ഹിഗ്ഗിൻസ് എന്നിവയും റൊണാൾഡ് റീഗന് ഒപ്പമുണ്ട്. യുഎസ്എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്.

ഏതു വിദേശ അതിഥികൾ വന്നാലും ഹാർദ്ദമായ സ്വാഗതമെന്ന് തയ്വാൻ പ്രധാനമന്ത്രി സു സെങ് ചാങ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഔദ്യോഗിക നയതന്ത്ര ബന്ധം ചൈനയുമായി മാത്രമാണെന്നും തയ്വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധമാണെന്നുമാണ് യുഎസിന്റെ നിലപാട്.