മൂന്നാർ: മുന്തിയ വാഹനങ്ങളിലെത്തി, ആഡംബര ഹോട്ടലുകളിൽ താമസിച്ച് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ . മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി ചോലയിൽ കുഞ്ഞുമുഹമ്മദി (31) നെ ആണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ആഡംബര കാറുകളിൽ ഭാര്യയ്ക്കും കുഞ്ഞിനൊപ്പം എത്തി, ഹോട്ടലുകളിൽ താമസിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. കോടികളുടെ കച്ചവടത്തിനാണെന്നും പറഞ്ഞാണ് ഇയാൾ മുന്നാറിലെ പ്രമുഖ ഹോട്ടലിൽ മുറിയെടുത്തത്. സുഹൃത്തുക്കളിൽ നിന്നോ വാടകയ്‌ക്കെടുത്തതോ ആയ ആഡംബര കാറിലാണ് തട്ടിപ്പിന് ലക്ഷ്യമിടുന്ന മേഖലയിൽ ഇയാളുടെ രംഗപ്രവേശം. മൂന്നാറിൽ റിസോർട്ടിന് വില പറഞ്ഞാണ് തുടക്കം.

മൂന്നാറിലെ ബിസ്മി മൊബൈൽസിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപയുടെ മൊബൈൽ ഫോൺ ഇയാൾ തന്ത്രത്തിൽ കരസ്ഥമാക്കി മുങ്ങിയ കേസിലാണ് ഇപ്പോൾ ഇയാൾ അറസ്റ്റിലായിട്ടുള്ളത്.

മൂന്നാറിൽ താമസിച്ചിരുന്ന ഹോട്ടലിൽ ലക്ഷങ്ങളുടെ വാടക കുടിശിഖയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ തട്ടിപ്പിൽ വസ്തു ഇടനിലക്കാരന് ലക്ഷങ്ങൾ നഷ്ടമായതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഡംബര ഹോട്ടലുകളിൽ ഇയാൾ ലക്ഷങ്ങളുടെ വാടക കുടിശിഖ നൽകാനുണ്ടെന്നുള്ള സൂചനകളും പുറത്തു വന്നിട്ടുണ്ട്.

മലപ്പുറം തലപാറയിലെ ഹോട്ടലിൽ ഒളിവിൽ താമസിക്കുമ്പോഴാണ് ചൊവ്വാഴ്‌ച്ച മൂന്നാർ സി ഐ മനേഷ് കെ പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തട്ടിപ്പിനായി ഇയാൾ ഭാര്യയും കുട്ടിയെയും കൂടെ കൂട്ടിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

മൂന്നാറിൽ നിരവധി പേരെ കോടികൾ വിലയുള്ള ഭൂമി വാങ്ങമെന്നും പറഞ്ഞും കബളിപ്പിച്ചതായും പൊലിസ് പറഞ്ഞു. എസ് ഐ ഷാഹൂൽ ഹമീദ്,സിപിഒ വേണുഗോപാൽ പ്രഭു എന്നിവരും അറസ്റ്റിൽ പങ്കെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.