ന്യൂഡൽഹി: രാജ്യത്ത് കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം എട്ടായി. ഡൽഹിയിലാണ് അവസാനമായി കുരങ്ങുപനി സ്ഥിരീകരിച്ചത്. പരിശോധനാ കിറ്റും വാക്സിനും വികസിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ദൗത്യസംഘത്തിന് രൂപം നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

പുതിയ കേസ് റിപ്പോർട്ട് ചെയ്തതോടെ, ഡൽഹിയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. എട്ടു കേസുകളിൽ അഞ്ചുപേർ വിദേശത്ത് നിന്ന് എത്തിയവരാണെന്നും മൻസൂഖ് മാണ്ഡവ്യ രാജ്സഭയിൽ പറഞ്ഞു.

കേരളത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ജൂലൈ 14നാണ് രോഗം സ്ഥിരീകരിച്ചത്. ഈ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ സംസ്ഥാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും മാർഗനിർദ്ദേശം നൽകിയിരുന്നതായും മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.