- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറ്റൊരു സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യാൻ 25 കോടി രൂപ വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി രാജസ്ഥാൻ മന്ത്രി
ജയ്പുർ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യാൻ 25 കോടി രൂപ വാഗ്ദാനം ചെയ്തതായി രാജസ്ഥാൻ മന്ത്രിയുടെ വെളിപ്പെടുത്തൽ. സൈനികക്ഷേമ മന്ത്രി രാജേന്ദ്ര ഗുഡയാണ് സ്ഥാനാർത്ഥിയുടെ പേരു വെളിപ്പെടുത്താതെ ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് എതിരെ വിമതനീക്കം നടന്ന സമയത്ത് തനിക്ക് 60 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ രണ്ട് 'ഓഫറു'കളും നിരസിക്കുകയാണുണ്ടായത്.
ജുൻജുനുവിലെ സ്‌കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മന്ത്രി. കോടികൾ വാഗ്ദാനം ചെയ്ത് മന്ത്രിസഭയെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചുവരുന്നതായി മുഖ്യമന്ത്രി ഗെലോട്ട് ആരോപിക്കുന്നുണ്ട്. ഇതിനിടയിലാണ് മന്ത്രിയുടെ തുറന്നുപറച്ചിൽ. ബിഎസ്‌പി അംഗമായി നിയമസഭയിലെത്തിയ ഗുഡ 2019ലാണ് മറ്റ് 6 പേർക്കൊപ്പം കോൺഗ്രസിലെത്തിയത്.
2020ൽ 18 എംഎൽഎമാർ സച്ചിൻ പൈലറ്റിനൊപ്പം വിമതനീക്കം നടത്തിയ സമയത്ത് ഇവർ ഗെലോട്ടിനൊപ്പം നിന്നു. 2021ലാണു മന്ത്രിയായത്. അടുത്തിടെ 4 സീറ്റുകളിലേക്കു നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ചാനൽ ഉടമയുമായ സുഭാഷ് ചന്ദ്രയെ ബിജെപി പിന്തുണച്ചിരുന്നു. എന്നാൽ, 3 കോൺഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവുമാണു തിരഞ്ഞെടുക്കപ്പെട്ടത്. സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.




