- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രാന്റ് ഹയത്തിൽ പെലോസി ഉറങ്ങിയത് ആയിരക്കണക്കിന് പട്ടാളക്കാരുടെ കാവലിൽ; തായ് വാനു ചുറ്റും ആയുധങ്ങൾ വിന്യസിപ്പിച്ച് ഭീഷണി ഉയർത്തി ചൈന; അമേരിക്കൻ അംബാഡിഡറെ അർദ്ധരാത്രി വിളിച്ചു വരുത്തി ചൈനയുടെ പ്രതിഷേധം; ചൈനയെ വെല്ലുവിളിച്ച് കൊണ്ടുള്ള അമേരിക്കൻ നീക്കം തുടരുമ്പോൾ?
ചൈനയുടെ പ്രതിഷേധത്തിനു പുല്ലുവില കൽപിച്ച് അമേരിക്കൻ സ്പീക്കർ നാൻസി പെലോസി മുൻപോട്ട് പോകുമ്പോൾ ഇനിയെന്ത് സംഭവിക്കും എന്നറിയാതെ ലോകം മുഴുവൻ വീർപ്പടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്. ചൈനയിലെ അമേരിക്കൻ അമ്പാസിഡർ നിക്കോളാസ് ബേൺസിനെ ഇന്നലെ രാത്രി തന്നെ ചൈനീസ് ഉപ വിദേശകാര്യമന്തി ഷീ ഫെംഗ് വിളിച്ചു വരുത്തിചൈനയുടെ പ്രതിഷേധം അറിയിച്ചിരുന്നു. ദക്ഷിണേഷ്യൻ സന്ദർശനത്തിനിടയിൽ തായ്വാനിൽ ഇറങ്ങരുതെന്ന ചൈനയുടെ ശാസനം ധിക്കരിച്ച് പെലോസി തായ്വാനിൽ എത്തിയതോടെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ അശാന്തിയുടെ കാർമേഘം കനം വച്ചത്.
പെലോസിയുടെ സന്ദർശനം തീർത്തും ദുരുദ്ദേശപരമാണെന്നും അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ചൈനീസ് ഉപ വിദേശകാര്യ മന്ത്രി അമേരിക്കൻ അമ്പാഡിഡറെ അറിയിച്ചു. ചൈന ഇതെല്ലാം കണ്ട് അടങ്ങിയിരിക്കുമെന്ന് കരുതരുതെന്നും ചൈനീസ് മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെലോസിയെ തടയാത്ത ജോ ബൈഡൻ സർക്കാരിന്റെ നടപടിയേയും ചൈന ചോദ്യം ചെയ്യുന്നു. എന്നാൽ, അമേരിക്കൻ നിയമ പ്രകാരം ജനപ്രതിനിധി സഭയുടെ സ്പീക്കറെ നിയന്ത്രിക്കാൻ പ്രസിഡണ്ടിന് അധികാരമില്ല എന്നത് ഒരു വസ്തുതയാണ് താനും.
അതേസമയം, അമ്പാസിഡറെ വിളിച്ചു വരുത്തി എന്ന കാര്യം വൈറ്റ്ഹൗസ് വൃത്തങ്ങളും സ്ഥിരീകരിച്ചു. എന്നാൽ,അവിടെ നടന്ന സംഭാഷണത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്ക ഒരു പ്രതിസന്ധി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, ബെയ്ജിങ് എന്ത് തീരുമാനമെടുത്താലും അതിനെ നേരിടാൻ അമേരിക്ക തയ്യാറാണെന്നും വൈറ്റ്ഹൗസ് വക്താവ് ജോൺ കിർബി മാധ്യമങ്ങളോട് പറഞ്ഞു. തായ്വാൻ സ്വാതന്ത്ര്യത്തെ അമേരിക്ക പിന്തുണക്കുന്നില്ല എന്ന കാര്യം ഇതിനു മുൻപും വ്യക്തമാക്കിയിട്ടുള്ളതാണെന്നും കിർബി ചൂണ്ടിക്കാട്ടി.
ഇന്നലെ പ്രാദേശിക സമയം രാത്രി 10. 45 നായിരുന്നു പെലോസിയുടെ വിമാനം തായ്പേയ് വിമാനത്താവളത്തിൽ ഇറങ്ങിയത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഈ ദ്വീപു രാജ്യം സന്ദർശിക്കുന്ന ഏറ്റവും ഉന്നതമായ സ്ഥാനത്തുള്ള അമേരിക്കൻ അധികാരിയായി മാറിയിരിക്കുകയാണ് ഈ സന്ദർശനത്തിലൂടെ പെലോസി. കടുത്ത സുരക്ഷാ സംവിധാനമാണ് അവർക്കായി ഒരുക്കിയിരിക്കുന്നത്. അവർ താമസിക്കുന്ന ഹോട്ടലിലും കടുത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
പെലോസി തായ്വാൻ മണ്ണിൽ കാലു കുത്തിയതോടെ ചൈന അവരുടെ വാക്കുകൾ കടുപ്പിച്ചിട്ടുണ്ട്. തായ്വാൻ കടലിടുക്കിൽ കൂടുതൽ ലൈവ് സൈനിക പ്രകടനങ്ങൾ നടത്തുമെന്നും ചൈന പ്രഖ്യാപിച്ചു. ഈ സന്ദർശനത്തിന് അമേരിക്ക വലിയ വില നൽകേണ്ടതായി വരുമെന്നും ചൈന ഭീഷണി മുഴക്കി. അവർ ഇറങ്ങിയ ഉടൻ തന്നെ പീപ്പിൾസ് ലിബറേഷൻ ആർമി ഈ ദ്വീപ് രാജ്യത്തിനു ചുറ്റും സൈനിക പ്രകടനത്തിനു ശക്തി വർദ്ധിപ്പിച്ചു. ഓഗസ്റ്റ് 4 മുതൽ 7 വരെ കൂടുതൽ സൈനിക പ്രകടനങ്ങൽ ഈ മേഖലയിൽ നടത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്.
അതോടൊപ്പം 21 സൈനിക വിമാനങ്ങളേയാണ് തായ്വാന്റെ ആകാശത്തേക്ക് ചൈന ഇന്നലെ രാത്രി അയച്ചത്. അതിൽ മാരക ശക്തിയുള്ള ജെ 20 ഫൈറ്റർ ജെറ്റുകളും ഉൾപ്പെടുന്നു. അതോടൊപ്പമ്മ് ചൈനയുടെ രണ്ട് യുദ്ധക്കപ്പലുകലും തായ്വാനെ വട്ടമിട്ട് കറങ്ങുന്നതായി ചൈനീസ് അധികൃതർ സ്ഥിരീകരിച്ചു. 1995- ന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു സൈനിക പരിശീലനത്തിന്റെ മറവിൽ തായ്വാൻ കടലിടുക്കിലേക്ക് ചൈന ഒരു മിസൈൽ തൊടുത്തു വിട്ടത്.
അതോടൊപ്പം കരസേനയും ഒരു യുദ്ധത്തിനു തയ്യാറെടുക്കുന്നതായി ചില പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തായ്വാനോട് ഏറ്റവും അടുത്തുള്ള ചൈനീസ് വൻകരയിലെ പ്രദേശമായ ഫ്യുജിയാൻ തീരത്താണ് കരസേന തമ്പടിച്ചിരിക്കുന്നത്. ഇതോടെ മേഖലയിൽ വീണ്ടും ഒരു യുദ്ധത്തെ കുറിച്ചുള്ള ആശങ്ക ഉയര്ന്നു വന്നിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ