- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് അമേരിക്കൻ ക്‌നാനായ കമ്മ്യൂണിറ്റി കൺവെൻഷൻ ചരിത്ര താളുകളിൽ
ന്യൂജേഴ്സി: നോർത്ത് അമേരിക്കൻ ക്‌നാനായ കമ്മ്യൂണിറ്റിയുടെ (എൻ.എ.കെ.സി) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 29 -മത് കൺവെൻഷൻ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് അമേരിക്കൻ ക്‌നാനായ സമൂഹത്തിന്റെ ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടു. ക്‌നാനായ സമുദായത്തിലെ മൂന്നു മെത്രാപ്പൊലീത്തമാരുടെയും, യാക്കോബായ സുറിയാനി സഭയുടെ (അമേരിക്ക) ആർച്ച് ബിഷപ്പിന്റെയും സാന്നിധ്യം കൊണ്ട് കൺവെൻഷൻ ശ്രദ്ധേയമായി മാറി.
ജൂലൈ 21 മുതൽ 24 വരെ ന്യൂജേഴ്‌സിയിലെ പാർസിപ്പനി ഹിൽട്ടനിൽ നടന്ന നാലു ദിവസത്തെ ഫാമിലി കോൺഫറൻസിന്റെ ഉൽഘാടന യോഗത്തിൽ ക്‌നാനായ സമുദായത്തിന്റെ അമേരിക്ക കാനഡ യൂറോപ്പ് മേഖല ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു.
യാക്കോബായ സുറിയാനി സഭയുടെ (അമേരിക്ക) ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനി ഉത്ഘാടനം നിർവ്വഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന അഭിവന്ദ്യരായ കുറിയാക്കോസ് മോർ ഗ്രിഗോറിയോസ്, കുറിയാക്കോസ് മോർ ഈവാനിയോസ് തിരുമേനിമാരുടെ സാന്നിദ്ധ്യവും സന്ദേശങ്ങളും സമ്മേളനത്തിന് ധന്യത പകർന്നു. കേരളത്തിൽ നിന്നും കമാൻഡർ റ്റി. ഒ. ഏലിയാസും കോൺഫറൻസിൽ പങ്കെടുത്തു. അന്ത്യോഖ്യ സിംഹാസനത്തിൽ വാണരുളുന്ന പരിശുദ്ധ ബാവാ അപ്രേം ദ്വിതീയന്റെ പ്രത്യേക വീഡിയോ സന്ദേശവും സദസ്സിൽ കാണിക്കുകയുണ്ടായി.
അമേരിക്കയിലെ വിവിധ ഇടവകകളിൽനിന്നും എത്തിച്ചേർന്ന വൈദികരും ശെമ്മാശന്മാരും സഭാ സമ്മേളനം നിയന്ത്രിക്കുകയും അർത്ഥവത്താക്കുകയും ചെയ്തു. കുട്ടികൾക്കും, യുവാക്കൾക്കും, മുതിർന്നവർക്കുമായി പ്രത്യേകം പരിപാടികൾ ക്രമീകരിച്ചിരുന്നു. വളരെ ചിട്ടയോടും സമയ ബന്ധിതവുമായി പരിപാടികൾ ആദ്യാവസാനം നിയന്ത്രിക്കുവാൻ സംഘടകർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഓരോ ഇടവകയും മികവുറ്റതും ചരിത്ര പശ്ചാത്തലമുള്ളതുമായ പരിപാടികൾ അവതരിപ്പിച്ചത് കോൺഫറൻസിനു മാറ്റു കൂട്ടി. ഇരുപത്തിനാലാം തീയതി ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കും അതേ തുടർന്നു നടന്ന സമ്മേളനത്തിനും ശേഷം കോൺഫറൻസ് പരിപാടികൾ പര്യവസാനിച്ചു
പിആർഓ മോഹൻചിറയിൽ, ന്യൂയോർക്ക് അറിയിച്ചതാണിത്.