- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി; നാളെ അവധിയാണ്, വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ എന്ന് കുട്ടികളോട് ആലപ്പുഴ കലക്ടർ
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഏതാനും താലൂക്കുകൾക്ക് മാത്രമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോക്ടർ പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ തിരുവല്ല താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് നാലിന് കളക്ടർ ദിവ്യ എസ്. അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.
കോതമംഗലം മൂവാറ്റുപുഴ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കും.
കനത്ത മഴ തുടരുന്ന ചാലക്കുടി താലൂക്കിലെ അങ്കണവാടികൾ അടക്കം നഴ്‌സറി തലം മുതൽ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ ഹരിത വി. കുമാർ അറിയിച്ചു. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അതേ സമയം കലക്ടറായി ചുമതല ഏറ്റെടുത്തതിനു പിന്നാലെ ആദ്യ ഉത്തരവിൽ തന്നെ നാളെ കുട്ടികൾക്ക് അവധി അനുവദിച്ച ആലപ്പുഴ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജ കുട്ടികൾക്കായി ഒരു കുറിപ്പും പങ്കുവച്ചു.
'പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്നു കരുതി പുറത്തേക്കു ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്നു കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ... സ്‌നേഹത്തോടെ' - കലക്ടർ കുറിച്ചു.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി കഴിഞ്ഞ ദിവസമാണ് വി.ആർ.കൃഷ്ണ തേജയെ പുതിയ ആലപ്പുഴ കലക്ടറായി നിയമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ