- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ മഴ കുറവ്; ആശങ്ക വേണ്ട; നദികളിലെ ചെളി നീക്കം ചെയ്തത് വെള്ളപ്പൊക്കം നിയന്ത്രിക്കാൻ സഹായിച്ചു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറയുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ - ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ മാസം 10 വരെ 137.5 അടിയാണ് റൂൾ കർവ്. നിലവിൽ 134.85 അടിയാണ് ജലനിരപ്പ്. അതുകൊണ്ടുതന്നെ അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യമില്ല. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണെന്നതും പ്രതീക്ഷ നൽകുന്നതാണ്. ഇന്നലെ വൈകിട്ട് വരെ 2406 ക്യുസെക്സ് ജലമാണ് അണക്കെട്ടിലേക്കുള്ള ഇൻഫ്ളോ. 1867 ക്യുസെക്സ് ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. അതുകൊണ്ടുതന്നെ കാര്യമായ ജലം സംഭരിക്കപ്പെടുന്നില്ല. കഴിഞ്ഞ വർഷം ഇതേസമയം 136.3 അടിയായിരുന്നു. ഇക്കുറി അണക്കെട്ടിലെ ജലനിരപ്പ് അത്രയും ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ 2375.53 അടി വെള്ളമാണ് ഇടുക്കിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലടിയിൽ അധികം ജലം ഇക്കുറി കൂടുതലായുണ്ട്. 1012.565 ദശലക്ഷ ഘന മീറ്റർ ജലം ആണുള്ളത്. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 69 ശതമാനം മാത്രമാണ് ഇത്. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ മാസം 10 വരെ 2383 അടിയാണ് റൂൾ കർവ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തും കാര്യമായ മഴയില്ലാത്തതിനാൽ അണക്കെട്ടിലേക്കുള്ള ജലത്തിന്റെ ഒഴുക്കും കുറവാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
നദികളിൽ നിന്ന് മണ്ണും ചെളിയും എക്കലും നീക്കിയത് വെള്ളപ്പൊക്കം ഒരുപരിധി വരെ നിയന്ത്രിക്കുന്നതിന് സഹായകമായി. മൂന്നു കോടി ക്യുബിക് മീറ്ററിലധികം എക്കലും ചെളിയുമാണ് നീക്കം ചെയ്യാൻ ഉണ്ടായിരുന്നത്. ഇതിൽ ഒരു കോടി ക്യുബിക് മീറ്ററാണ് നീക്കം ചെയ്യാൻ കഴിഞ്ഞത്. ഇനിയുള്ള എല്ലാ വർഷവും ഫെബ്രുവരിയിൽ ഇതു തുടരാനാണ് തീരുമാനം. അതുവഴി വരും വർഷങ്ങളിൽ വെള്ളപ്പൊക്കം ഗണ്യമായി നിയന്ത്രിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ