ന്യൂഡൽഹി: വ്യക്തിവിവര സംരക്ഷണ ബിൽ (പേഴ്സണൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ 2021) കേന്ദ്രസർക്കാർ ലോക്സഭയിൽനിന്ന് പിൻവലിച്ചു. പകരം പുതിയ ബിൽ കൊണ്ടുവരും. ബിൽ പരിഗണിച്ച സംയുക്ത പാർലമെന്ററി സമിതി 81 ഭേദഗതികളും സമഗ്രമായ നിയമനിർമ്മാണത്തിന് 12 ശുപാർശകളും മുന്നോട്ടുവച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ബിൽ പിൻവലിച്ചത്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, വിവര സംരക്ഷണ അഥോറിറ്റി (ഡേറ്റാ പ്രൊട്ടക്ഷൻ അഥോറിറ്റി ) സ്ഥാപിക്കൽ തുടങ്ങിയവയായിരുന്നു ബില്ലിലൂടെ സർക്കാർ മുന്നോട്ടുവെച്ചിരുന്ന ലക്ഷ്യങ്ങൾ.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബിൽ പിൻവലിക്കാനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയും ബിൽ പിൻവലിക്കപ്പെടുകയുമായിരുന്നു.

വ്യക്തിവിവര സംരക്ഷണ ബിൽ 2019 പാർലമെന്റിന്റെ സംയുക്ത സമിതി വളരെ വിശദമായി പരിശോധിച്ചു. ഡിജിറ്റൽ മേഖലയിൽ സമഗ്രമായ നിയമ ചട്ടക്കൂട് കൊണ്ടുവരുന്നതിനായി 81 ഭേദഗതികളും 12 നിർദേശങ്ങളും സംയുക്ത പാർലമെന്ററി സമിതി മുന്നോട്ടുവെച്ചിരുന്നു. ജെ.സി.പിയുടെ റിപ്പോർട്ട് പരിഗണിച്ച് സമഗ്രമായ നിയമ ചട്ടക്കൂട് തയ്യാറാക്കി വരികയാണ്. ഈ സാഹചര്യത്തിൽ, ബിൽ പിൻവലിക്കാനും സമഗ്രമായ ഒരു പുതിയ ബിൽ അവതരിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

2019 ഡിസംബർ 11-നാണ് ബിൽ സഭയിൽ അവതരിപ്പിക്കപ്പെട്ടത്. പൗരന്മാരുടെ മൗലികാവാകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷം ബില്ലിനെതിരേ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇത് പരിശോധനയ്ക്കും നിർദേശങ്ങൾക്കുമായി സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 16-ന് സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് ലോക്സഭയിൽ വെക്കുകയും ചെയ്തിരുന്നു.