മലപ്പുറം: രാഷ്ട്രീയ വിവാദങ്ങൾ ഉയർത്തിയ കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അബ്ദുൽ നൂർ അറസ്റ്റിൽ. ഒരുലക്ഷത്തിന് മാസം 5000 രൂപ ലാഭം നൽകാമെന്ന് ഉറപ്പ് നൽകിയാണ് അബ്ദുൽനൂറിന്റെ നേതൃത്വത്തിലുള്ള സംഘം നിക്ഷേപത്തട്ടിപ്പ് നടത്തിയത്. നിരവധി പേരിൽനിന്നായി 100 കോടിയോളം രൂപ സമാഹരിച്ച ശേഷം ലാഭവിഹിതം നൽകാതെ സംഘം തട്ടിപ്പ് നടത്തുകയായിരുന്നു.

കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ അടുത്തയാളായിരുന്ന അബ്ദുൽനൂർ മതസ്ഥാപനങ്ങളിൽ നിന്നും മുഅല്ലിമുകൾ അടക്കമുള്ള പാവപ്പെട്ടവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. പണം സ്വീകരിക്കുമ്പോൾ സംഭവം പുറത്തു പറയാതിരിക്കാനും രഹസ്യസ്വഭാവത്തിൽ കൈകാര്യംചെയ്യാനുമായി പലരോടും ഖുർആനിൽ തൊട്ട് സത്യംചെയ്യിപ്പിക്കുകയും ചെയ്്തിരുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

2008 നവംബറിൽ പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും നിക്ഷേപകരുടെ പരാതി ഇല്ലെന്ന കാരണത്താൽ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയിൽ നിന്ന് പാസ്‌പോർട്ട് കരസ്ഥമാക്കിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. വീണ്ടും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പരാതിക്കാർ പലരും പിൻവാങ്ങിയതോടെ ജാമ്യം ലഭിച്ചു. കേസിൽ ഇന്നു വീണ്ടും മുഖ്യപ്രതിയായ തെക്കേ അങ്ങാടി സ്വദേശി അബ്ദുൽ നൂറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസിൽ ഇയാൾക്കെതിരെ നിരവധി കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. കേസുകളിൽ വിചാരണക്ക് ഹാജരാകാത്തതിനാൽ നിരവധി വാറണ്ടുകൾ നിലവിലുള്ളതായും ഇതേ തുടർന്നാണ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തതെന്നും കുറ്റിപ്പുറം പൊലീസ് അറിയിച്ചു.

കുറ്റിപ്പുറത്തും പരിസരത്തുമായി ഏറെ പേരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് നിരവധി പേരെയാണ് അബ്ദുൽ നൂർ വഞ്ചിച്ചിരുന്നത്. കുറ്റിപ്പുറം എസ്‌ഐ സജീഷ്, സി.പി.ഒ മാരായ സുനിൽ ബാബു, ബിജു രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടിക്കണക്കിന് തുക നിക്ഷേപമായി സ്വീകരിച്ച് വിദേശത്ത് കടക്കുകയും പിന്നീട് കോടതിയിൽ കീഴടങ്ങുകയും ചെയ്ത കുറ്റിപ്പുറം ഷാൻ എന്റർപ്രൈസസ് ഉടമ കമ്പാല അബ്ദുൽ നൂറിനെതിരെയാണ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കുറ്റിപ്പുറത്തു സമര പരമ്പരകൾ അരങ്ങേറിയിരുന്നു.

പിന്നീട് നിരവധി പരാതികൾ ഉയർന്നെങ്കിലും ലോക്കൽ പൊലീസിൽ നിന്നും നടപടി ഇല്ലാത്തതിനാൽ നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രുപീകരിച്ച് രംഗത്തിറങ്ങി. മുഖ്യമന്ത്രിക്ക് പരാതി സമർപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി നിക്ഷേപകരെയും നൂറിന്റെ സഹോദരങ്ങളെയും വിളിച്ച് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി കാസിമിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സിറ്റിംങും നടത്തി.

പ്രതിക്കായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമവും നടന്നു., പ്രതിയുടെ കോഴിക്കോട്ടുകാരിയായ രണ്ടാം ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനും വിദേശത്തുള്ള നിക്ഷേപം കണ്ടെത്താനും ക്രൈംബ്രാഞ്ച് നടപടിയും സ്വീകരിച്ചു.

ഈസമയത്തുതന്നെ ഇയാളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ബിനാമികളുടെ കൈവശമുണ്ടെന്ന വിവരവുമുണ്ടായിരുന്നു. . നേരത്തെ പ്രതിയുടെ സ്വത്ത് ലേലം ചെയ്യാൻ തിരൂർ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ലേലക്കാരിൽ മതിയായ പണം ഇല്ലാത്തതിനാൽ ഇത് നടന്നില്ല. പിന്നീടാണ് പ്രതി കോടതിയിൽ കീഴടങ്ങി ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നത്.