തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും വീണ്ടും ഭൂമി ഏറ്റെടുക്കലുമായി ഭരണസമിതി. അതേസമയം ഭരണസമിതി നീക്കത്തെ എതിർത്ത് എൻഎസ്എസ് രംഗത്തെത്തി. ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ചുറ്റളവിൽ ഭൂമിയേറ്റെടുക്കാനാണ് ഭരണസമിതി നീക്കം. വിവാദങ്ങളുണ്ടാക്കി ക്ഷേത്ര ചൈതന്യത്തെ ഇല്ലാതാക്കുന്നതാണ് നടപടിയെന്നും ഇതിനോടാണ് എതിർപ്പെന്നും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർക്ക് അയച്ച കത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.

നേരത്തേ ഏറ്റെടുത്ത ഏക്കർ കണക്കിനു ഭൂമി, ക്രിയാത്മകമായി ഒന്നും ചെയ്യാതെ അന്യാധീനപ്പെടുത്തിയ ശേഷം വീണ്ടും ഭൂമിയേറ്റെടുക്കുന്നതിനെയാണ് എതിർക്കുന്നതെന്നു എൻഎസ്എസ് വ്യക്തമാക്കി. എൻഎസ്എസിന്റെ ഉൾപ്പെടെ സ്ഥലം 15 വർഷം മുൻപ് വികസനമെന്ന പേരിൽ ഏറ്റെടുത്തെങ്കിലും ഈ സ്ഥലം ഭക്തർക്കായി ഒരു സൗകര്യവും ഒരുക്കാതെ അനാഥമായി കിടക്കുകയാണെന്നും ഇപ്പോൾ സുരക്ഷയെന്ന പുകമറയുണ്ടാക്കി വീണ്ടും ഭൂമിയേറ്റെടുക്കാൻ വരുന്നതിനു പിന്നിൽ കച്ചവടതാൽപര്യമാണെന്നും ആണ് എൻഎസ്എസ് ഉൾപ്പെടെ സംഘടനകൾ ആരോപിക്കുന്നത്.

അതേസമയം ക്ഷേത്രത്തിനു സുരക്ഷ കൂട്ടണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച് 100 മീറ്റർ ചുറ്റളവിൽ സ്ഥലം ഏറ്റെടുക്കണമെന്നാണു ഭരണസമിതി തീരുമാനം. ഇതുസംബന്ധിച്ച് എൻഎസ്എസ് ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റർ കത്തയച്ചിരുന്നു. എന്നാൽ കടുത്ത വിയോജിപ്പാണ് എൻഎസ്എസിന്.

ഭൂമിയേറ്റെടുക്കലിന്റെ പേരിൽ ക്ഷേത്രത്തിലെ പാരമ്പര്യവൃത്തികളിലും കീഴ്ശാന്തി പ്രവൃത്തികളിലും ഏർപ്പെട്ടിരുന്നവരുടെ താമസസ്ഥലങ്ങളും ഒഴിപ്പിച്ചു. അവിടെയും ഒന്നും ചെയ്യാതെ നശിച്ചുകിടക്കുകയാണ്.

ക്ഷേത്രാരാധനയ്ക്കും ഭജനമിരിക്കുന്നതിനും കുഞ്ഞുങ്ങളുടെ ചോറൂണിനും മറ്റും എത്തുന്നവർക്കും വയോധികർക്കും ഉപകാരപ്രദമായി ക്ഷേത്രപരിസരത്തുണ്ടായിരുന്ന സൗകര്യങ്ങൾ പൊളിച്ചുകളഞ്ഞിട്ട് വർഷങ്ങളായി. ഇതുവരെ പകരം സൗകര്യം അവിടെ ഒരുക്കിയില്ലെന്നും കത്തിൽ ആരോപിക്കുന്നു.

ഭൂമിയേറ്റെടുക്കലിനു ശ്രമിച്ചെങ്കിലും സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് സർക്കാർ ഇടപെട്ട് പിന്മാറിയിരുന്നു. ഇപ്പോൾ വീണ്ടും ക്രിയാത്മകമായ പദ്ധതിയോ കരുതൽ ധനമോയില്ലാതെ ഭൂമിയേറ്റെടുക്കലിനു വരുന്നതിനു പിന്നിലെ താൽപര്യം ദുരൂഹമാണെന്നാണ് എൻഎസ്എസ് നിലപാട്.