തിരുവനന്തപുരം: ക്ഷേമപെൻഷന് അനുവദിച്ചതിൽ വിനിയോഗിക്കാത്ത പണം സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ പലിശ ഈടാക്കുമെന്ന് ധനവകുപ്പ്. പെൻഷൻതുക വിനിയോഗിക്കാനുള്ള സമയപരിധി പത്തുദിവസമാണ്. പത്തുദിവസത്തിനുശേഷം തിരിച്ചടച്ചില്ലെങ്കിൽ കാലതാമസത്തിനനുസരിച്ച് പ്രതിവർഷം എഴരശതമാനം പലിശ ഈടാക്കുമെന്നും ധന വകുപ്പ് അറിയിച്ചു.

തിരികെ അടയ്ക്കാത്ത സഹകരണസംഘങ്ങളുടെയും ക്ഷേമനിധി ബോർഡുകളുടെയും വിവരങ്ങൾ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എല്ലാ മാസവും 20-നകം ധനവകുപ്പിനെ അറിയിക്കും. പണം തിരിച്ചടച്ചെന്ന് ഉറപ്പാക്കാൻ തദ്ദേശ, സഹകരണ വകുപ്പുകളോട് ധനവകുപ്പ് ആവശ്യപ്പെട്ടു.

വിതരണംചെയ്യാത്ത തുകയുടെ തിരിച്ചടവ് പൂർത്തിയാക്കിയാലേ അടുത്തമാസത്തേക്കുള്ള ഫണ്ട് നൽകൂ. ഈടാക്കുന്ന പലിശത്തുക അടുത്ത പെൻഷന് അനുവദിക്കേണ്ട തുകയിൽ കുറവുചെയ്യും. തിരിച്ചടവിന് ഒരുദിവസം വൈകിയാലും ഒരുമാസത്തെ പലിശ നൽകണം.

സർക്കാരിന്റെ സഹായധനത്തോടെ പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകൾ തൊട്ടടുത്ത മാസത്തെ പെൻഷൻ പ്രൊപ്പോസലിനൊപ്പം മുന്മാസത്തെ തുകയുടെ സാക്ഷ്യപത്രം നൽകിയില്ലെങ്കിൽ പണം നൽകില്ല. തിരിച്ചടയ്ക്കാത്ത തുക അടുത്ത വിഹിതത്തിൽനിന്ന് പലിശസഹിതം കുറയ്ക്കും.

മരിച്ചവർക്കുള്ള പെൻഷൻ മറ്റാർക്കെങ്കിലും കൈമാറാതിരിക്കാനും അവരെ ഗുണഭോക്തൃപട്ടികയിൽനിന്ന് ഒഴിവാക്കാനും കാലതാമസം പാടില്ലെന്ന് പഞ്ചായത്ത് ഡയറക്ടർക്ക് ധനവകുപ്പ് നിർദ്ദേശം നൽകി.