കാൻസസ്: കാൻസസ് സംസ്ഥാന ഭരണഘടനയിൽ ഗർഭചിദ്രാവകാശം നിലനിർത്തണമെന്ന് ഓഗസ്റ്റ് 2ന് നടന്ന വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.ജൂൺമാസം സുപ്രീംകോടതി ഗർഭഛിദ്രാവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിപ്രഖ്യാപിച്ചതിനുശേഷം അമേരിക്കയിൽ ആദ്യമായാണ് ഒരു സംസ്ഥാനം വോട്ടെടുപ്പിലൂടെ അവകാശം നിലനിർത്തണമെന്ന് തീരുമാനിച്ചത്.

ഗർഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്നവരുടെ വൻ വിജയമാണിതെന്ന് അബോർഷൻ അഡ്വക്കേറ്റ്‌സ് അവകാശപ്പെട്ടു. ഗർഭഛിദ്രാവകാശം സംസ്ഥാനത്ത് അനുവദിക്കരുതെന്ന തീരുമാനത്തെയാണ് വോട്ടർമാർ ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞത്.

റിപ്പബ്ലിക്കൻ പാർട്ടിക്ക് നിയന്ത്രണമുള്ള സംസ്ഥാന നിയമസഭ, ഗർഭഛിദ്രം അവസാനിപ്പിക്കുന്നതിനും, കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും തയ്യാറെടുക്കുന്നതിനിടയിൽ വന്ന ഈ തീരുമാനം കനത്ത തിരിച്ചടിയായിട്ടാണ് നിയമസാമാജികർ കരുതുന്നത്. സംസ്ഥാനത്തിന്റെ ബിൽ ഓഫ് റൈറ്റ്‌സിൽ ഉൾപ്പെട്ടതാണ് ഗർഭഛിദ്രാവകാശമെന്ന് 2019 ൽ സ്റ്റേറ്റ് സുപ്രീം കോടതി വിധിച്ചിരുന്നു.

കഴിഞ്ഞ 30 വർഷമായി ഗർഭഛിദ്രത്തിന് എതിരെ ശക്തമായ ഒരു കൺസർവേറ്റീവ് ലോബി സംസ്ഥാനത്ത് നിലവിലുണ്ട്. സംസ്ഥാന നിയമസഭയിലേക്ക് കൂടുതൽ റിപ്പബ്ലിക്കൻസ് വിജയിച്ചു കയറുമ്പോൾ, പലപ്പോഴും ഗവർണ്ണറാകുന്നത് ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായിരിക്കും. 2018 ൽ തിരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റിക് ഗവർണ്ണർ ലോറകെല്ലി ഗർഭഛിദ്രത്തിനനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.