വാഷിങ്ടൺ: ഫ്രഞ്ച് ഫ്രൈസ് നൽകിയത് തണുത്ത് പോയെന്ന പേരിൽ തർക്കമുണ്ടായതിന് പിന്നാലെ ഫാസ്റ്റ് ഫുഡ് ജീവനക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ പ്രശസ്തമായ മക്ഡൊണാൾഡ് ഔട്ട് ലെറ്റിലാണ് സംഭവം. അമ്മയ്ക്ക് വിളമ്പിയ ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മകൻ ജീവനക്കാരനെ കൊലപ്പെടുത്തിയത്.

കഴുത്തിന് വെടിയേറ്റാണ് മക്ഡൊണാൾഡ് ജീവനക്കാരൻ മരിച്ചത്. ബ്രൂക്ലിനിലെ 771 ഹെർകിമർ സെന്റ് ബെഡ്-സ്റ്റൂയി, എന്ന സ്ഥലത്ത് കെവിൻ ഹോളോമാൻ (23) എന്നയാളാണ് മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഫ്രഞ്ച് ഫ്രൈ തണുത്തതാണെന്ന് പറഞ്ഞ് ആദ്യം യുവതിയും ജീവനക്കാരും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് തന്റെ മകനുമായി വീഡിയോ കോളിൽ സംസാരിക്കുകയും സ്ത്രീ മകനെ വിളിച്ചുവരുത്തുകയുമായിരുന്നു.

സ്ത്രീ അവിടെ നിന്ന് പോയി കുറച്ച് സമയത്തിനുള്ളിൽ വീഡിയോ കോളിലുണ്ടായിരുന്ന മകൻ സ്ഥാപനത്തിലെത്തുകയും കെവിനുമായി തർക്കിക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഇയാൾ തന്റെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് കെവിന്റെ കഴുത്തിൽ വെടിവയ്ക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടി. മൈക്കൽ ഇതിന് മുമ്പ് വിവിധ അക്രമ പ്രവർത്തനങ്ങൾക്ക് 12 തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ജൂലായിൽ സാൻഡ്വിച്ചിൽ മയൊണൈസ് കൂടിപ്പോയതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ യു.എസിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റായ സബ്വേയുടെ ഒരു ജീവനക്കാരൻ വെടിയേറ്റ് മരിച്ചിരുന്നു.