ന്യൂഡൽഹി: പാർലമെന്റിലെത്തി തന്റെ പഴയ സഹപ്രവർത്തകരുമായി സൗഹൃദം പങ്കിട്ട് മുൻ എംപിയും കേരള നിയമസഭാ സ്പീക്കറുമായ എം.ബി. രാജേഷ്. പാർലമെന്റ് മന്ദിരത്തിൽ നിന്ന് എംപിമാർക്കൊപ്പമുള്ള ചിത്രങ്ങൾ എം.ബി രാജേഷ് ഫേസ്‌ബുക്കിൽ പങ്കുവെച്ചു. ഔദ്യോഗിക ആവശ്യത്തിന് ഡൽഹിയിലെത്തിയപ്പോഴാണ് പഴയതും പുതിയതുമായ പാർലമെന്റിലെ സഹപ്രവർത്തകരെ കാണാൻ കഴിഞ്ഞതെന്ന് രാജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

'ശ്രീ. രാഹുൽഗാന്ധി, ശ്രീമതി കനിമൊഴി, ശ്രീ കെ.സി. വേണുഗോപാൽ, ശ്രീ. എം.കെ. രാഘവൻ, ശ്രീ ഗൗരവ് ഗോഗോയ് തുടങ്ങി പഴയതും പുതിയതുമായ പാർലമെന്റിലെ സഹപ്രവർത്തകരെ ഇന്ന് സെൻട്രൽ ഹാളിൽവച്ച് കണ്ടുമുട്ടി.



ഔദ്യോഗികാവശ്യത്തിന് ഡൽഹിയിൽ ഇന്ന് പുലർച്ചെയാണ് എത്തിയത്. ഈ പാർലമെന്റ് സമ്മേളനത്തിന് ശേഷം അടുത്ത സമ്മേളനം മുതൽ പുതിയ മന്ദിരത്തിലാണ് പാർലമെന്റ് പ്രവർത്തിക്കുക. അതിനാൽ പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയിൽ മുമ്പ് സഹപ്രവർത്തകരായിരുന്നവരെയെല്ലാം കാണാനായി സെൻട്രൽ ഹാളിൽ ചെന്നതാണ്.

ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെൻട്രൽ ഹാളിൽ പഴയ സഹപ്രവർത്തകർക്കും കേരളത്തിൽനിന്നുള്ള പുതിയ എംപി.മാർക്കുമൊപ്പം കുറെ സമയം ചെലവഴിച്ചു. ലോകസഭാ സ്പീക്കർ ശ്രീ. ഓം ബിർളയെയും സന്ദർശിക്കുകയുണ്ടായി,' എന്നാണ് എം.ബി. രാജേഷ് ഫേസ്‌ബുക്കിൽ കുറിച്ചത്.

പാലക്കാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് സിപിഐ.എമ്മിനെ പ്രതിനിധീകരിച്ച് രണ്ട് തവണ എംപിയായ വ്യക്തിയാണ് എം.ബി. രാജേഷ്. 2009 മുതൽ 2019 വരെ അദ്ദേഹം പാർലമെന്റ് മെമ്പറായി പ്രവർത്തിച്ചിരുന്നു.



എന്നാൽ 2019ൽ കോൺഗ്രസിന്റെ വി.കെ. ശ്രീകണ്ഠനിൽ നിന്ന് അദ്ദേഹത്തിന് പരാജയമേറ്റുവാങ്ങേണ്ടിവന്നിരുന്നു. പിന്നീട് 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിറ്റിങ് എംഎ‍ൽഎയായ വി.ടി. ബൽറാമിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തുകയും തുടർന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.