കൊച്ചി: ആണ്ടുതോറും എല്ലാ സമ്പാദ്യവും സമാധാനവും കടലെടുത്തുപോകാറുള്ള എറണാകുളം ചെല്ലാനം സ്വദേശികൾക്ക് ഓർമ്മയിൽ ആദ്യമാണ് ഇങ്ങനെ സുരക്ഷിതമായൊരു മൺസൂൺകാലമെന്ന് മന്ത്രി വിഎൻ വാസവൻ.സഹകരണമന്ത്രി എന്ന നിലയിൽ തനിക്ക് ഇത് പ്രത്യേക സന്തോഷമാണ് നൽകുന്നത്, ചെല്ലാനത്തെ തീരസംരക്ഷണ പ്രവർത്തനം ഫലപ്രദമായി നിർവഹിക്കുന്നത് ഒരു സഹകരണസ്ഥാപനമാണ് എന്നതാണ് ഇതിന് കാരണമെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

'ആണ്ടുതോറും എല്ലാ സമ്പാദ്യവും സമാധാനവും കടലെടുത്തുപോകാറുള്ള ചെല്ലാനത്തുകാരുടെ ഓർമ്മയിൽ ആദ്യമാണ് ഇങ്ങനെ സുരക്ഷിതമായൊരു മൺസൂൺകാലം. കേരളതീരത്തു രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പത്ത് ഹോട്ട് സ്പോട്ടുകളിൽ ശാസ്ത്രീയമായി നടത്തുന്ന തീരസംരക്ഷണപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് ആദ്യപദ്ധതിയായാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്ത് നിർമ്മാണം ആരംഭിച്ചത്.

ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 11 ന് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുംമുമ്പുതന്നെ സൊസൈറ്റി അവിടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണം ആരംഭിച്ചിരുന്നു. മഴക്കാലത്തിനുമുമ്പു പരമാവധി നീളത്തിൽ പണി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ അവർ പണി തുടങ്ങിയിരുന്നു. ടെട്രാപോഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന കടൽഭിത്തിയും പുലിമുട്ടുകളുടെ ശൃംഖലയും ഉൾപ്പെടുന്നതാണു പദ്ധതി. ഒരു നാടിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരംകൂടിയായ പദ്ധതി ആയിരക്കണക്കായ തീരദേശവാസികൾക്കാണ് ആശ്വാസമരുളുന്നത്', മന്ത്രി കുറിച്ചു.


പോസ്റ്റിന്റെ പൂർണരൂപം:
'ചെല്ലാനത്തുകാർ സമാധാനത്തോടെ കിടന്നുറങ്ങുന്ന ആദ്യത്തെ കാലവർഷക്കാലം എന്ന ആശ്വാസവും സന്തോഷവും പങ്കുവയ്ക്കുന്ന ഒട്ടേറെ കുറിപ്പുകളും ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നതാണു രണ്ടുദിവസമായി കാണുന്നത്. ആണ്ടുതോറും എല്ലാ സമ്പാദ്യവും സമാധാനവും കടലെടുത്തുപോകാറുള്ള ഈ നാട്ടുകാരുടെ ഓർമ്മയിൽ ആദ്യമാണ് ഇങ്ങനെ സുരക്ഷിതമായൊരു മൺസൂൺകാലം. സഹകരണമന്ത്രി എന്ന നിലയിൽ എനിക്കതു പ്രത്യേകസന്തോഷമാണു പകരുന്നത്. കാരണം, ചെല്ലാനത്തെ തീരസംരക്ഷണപ്രവർത്തനം ഇത്രയും ഫലപ്രദമായും ഗുണമേന്മയോടെയും സമയബന്ധിതമായും നിർവ്വഹിച്ചുവരുന്നത് ഒരു സഹകരണസ്ഥാപനമാണ് എന്നതുതന്നെ- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS Ltd.).
കേരളതീരത്തു രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പത്ത് ഹോട്ട് സ്പോട്ടുകളിൽ ശാസ്ത്രീയമായി നടത്തുന്ന തീരസംരക്ഷണപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് ആദ്യപദ്ധതിയായാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്ത് നിർമ്മാണം ആരംഭിച്ചത്. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജൂൺ 11നു നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുംമുമ്പുതന്നെ സൊസൈറ്റി അവിടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണം ആരംഭിച്ചിരുന്നു. മഴക്കാലത്തിനുമുമ്പു പരമാവധി നീളത്തിൽ പണി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ അവർ പണി തുടങ്ങിയിരുന്നു. ടെട്രാപോഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന കടൽഭിത്തിയും പുലിമുട്ടുകളുടെ ശൃംഖലയും ഉൾപ്പെടുന്നതാണു പദ്ധതി.ഒരു നാടിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരംകൂടിയായ പദ്ധതി ആയിരക്കണക്കായ തീരദേശവാസികൾക്കാണ് ആശ്വാസമരുളുന്നത്. സുരക്ഷ ഏറ്റവും ആവശ്യമുള്ള ജനവിഭാഗമായ തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ ആകുന്നതെല്ലാം ചെയ്യുന്ന സംസ്ഥാനസർക്കാർ ജനങ്ങളുടെ സുരക്ഷിതജീവിതവും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പുവരുത്താൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്.ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻസിസിആർ) പഠനം നടത്തി തയ്യാറാക്കിയ 344.20 കോടി രൂപയുടെ പദ്ധതിയാണ് ചെല്ലാനത്തു നടപ്പാക്കുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ ഇറിഗേഷൻ വകുപ്പു നടപ്പാക്കുന്ന പദ്ധതിയുടെ നിർവ്വഹണം കേരള ഇറിഗേഷൻ ഇൻഫ്രാസ്റ്റ്രക്ൾചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ്. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത് ഇറിഗേഷൻ വകുപ്പിന്റെ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റും.ചെല്ലാനംമുതൽ ഫോർട്ട് കൊച്ചിവരെയുള്ള 17.9 കിലോമീറ്ററിൽ കണ്ണമാലിവരെയുള്ള 7.32 കിലോമീറ്റർ ആണ് ഒന്നാംഘട്ടം. വിടെ 6.10 മീറ്റർ ഉയരത്തിലും 24 മീറ്റർ വീതിയിലുമാണ് കടൽഭിത്തി നിർമ്മിക്കുന്നത്. 2022 ജനുവരി മൂന്നിന് ആരംഭിച്ച നിർമ്മാണം സമയബന്ധിതമായി പൂർത്തിയാകുകയാണ്. ടൂറിസംസാദ്ധ്യത കണക്കിലെടുത്ത് കടലിനോട് അഭിമുഖമായി മൂന്നുമീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കുന്നുണ്ട്.'