ന്യൂഡൽഹി: ദളിത് ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കേരളമാണെന്ന് രാജ്യസഭയിൽ അമിത് ഷാ. രാജ്യസഭ സമ്മേളനത്തിൽ എംപിയായ ഡോ. വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ നൽകിയ മറുപടിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

അമിത് ഷാ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ദളിത് ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തിൽ 827 എണ്ണവും കേരളത്തിലാണ്. അതേസമയം ഗുജറാത്തിലും ഉത്തർപ്രദേശിലും ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണം പൂജ്യമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കേരളത്തിൽ മൊത്തമുള്ളത് 19263 സഹകരണസംഘങ്ങളാണ്. എന്നാൽ 2,05,886 സഹകരണ സംഘങ്ങളുമായി ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ സഹകരണ മേഖലയുള്ള മഹാരാഷ്ട്രയിൽ ദളിത് ആദിവാസി മേഖലയിൽ ഉള്ളത് ഒരു സഹകരണ സംഘം മാത്രമാണെന്നും കണക്കുകളിൽ പറയുന്നു.

77,550 സഹകരണ സംഘങ്ങളുമായി രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. എന്നാൽ ഗുജറാത്തിലും ഏറ്റവും കൂടുതൽ ദളിത് ജനസംഖ്യയുള്ള ഉത്തർപ്രദേശിലും ദളിത് ആദിവാസി മേഖലയിൽ ഒരു സഹകരണ സംഘം പോലുമില്ല.

ദളിത് ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് മധ്യപ്രദേശാണ്. 247 ദളിത് ആദിവാസി സഹകരണ സംഘങ്ങളാമ് ഇവിടെയുള്ളത്. ഇത് കേരളത്തെ അപേക്ഷിച്ച് നാലിലൊന്നു മാത്രമാണ്.