ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഹോളോങ്കിയിൽ നിർമ്മിച്ച ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഡോണി പോളോ എയർപോർട്ട് എന്ന് നാമകരണം ചെയ്തു. ഓഗസ്റ്റ് 15ന് പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ക്യാപിറ്റൽ കണക്റ്റിവിറ്റി സ്‌കീമിന് കീഴിൽ 645 കോടി രൂപ ചെലവിലാണ് സംസ്ഥാന തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ അകലെയുള്ള വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.

ജൂലൈ 19നാണ് ആദ്യ വിമാനം ഇവിടെ പരീക്ഷണം നടത്തിയത്. നിലവിൽ തലസ്ഥാനത്തിന് സമീപമുള്ള വിമാനത്താവളം അസമിലെ വടക്കൻ ലഖിംപൂർ ജില്ലയിലെ ലീലാബാരിയാണ. 80 കിലോമീറ്റർ അകലെയാണ് ഈ വിമാനത്താവളം. 4,100 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വിമാനത്താവളത്തിൽ യാത്രക്കാർക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

തിരക്കുള്ള സമയങ്ങളിൽ 200 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഏറ്റവും വലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിങ് 747ന്റെ പ്രവർത്തനത്തിന് അനുയോജ്യമായ 2,300 മീറ്റർ റൺവേയുള്ള അരുണാചൽപ്രദേശിലെ ആദ്യത്തെ വ്യോമത്താവളമാണിത്.

'തലസ്ഥാന നഗരത്തിലെ ഏക വിമാനത്താവളത്തിന്റെ പേര് ഗോത്രവർഗ്ഗ സംസ്ഥാനത്തിന്റെ പുരാതന പാരമ്പര്യത്തെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും സൂചിപ്പിക്കുന്നു. സൂര്യനോടും (ഡോണി) ചന്ദ്രനോടും (പോളോ) ജനങ്ങളുടെ പുരാതനമായ തദ്ദേശീയമായ ആദരവാണ് ഈ പേര് വിമാനത്താവളത്തിന് നൽകാൻ കാരണമെന്ന് ക്യാബിനറ്റ് പേര് അംഗീകരിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.