ഡബ്ലിൻ : അയർലണ്ടിൽ വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന് പരിധി നിശ്ചയിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.റേഷനിങ് ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉറപ്പു നൽകിയെങ്കിലും കാര്യങ്ങൾ ആ വഴിക്കല്ല നീങ്ങുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

വിന്ററിൽ വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന് പരിധി നിശ്ചയിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.ഫില്ലിങ് സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന ഇന്ധനത്തിന്റെ അളവ് 15 മുതൽ 20 ലിറ്റർ വരെ പരിമിതപ്പെടുത്തിയേക്കാമെന്നാണ് ഫ്യൂവൽസ് ഫോർ അയർലണ്ട് സിഇഒ കെവിൻ മക്പാർട്ട്ലാൻഡ് ഡ്രൈവർമാർക്ക് നൽകുന്ന മുന്നറിയിപ്പ്.

അവശ്യ വ്യവസായങ്ങൾ പ്രവർത്തിക്കുന്നതിനും ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിൽ ഹീറ്റിങ് മുടങ്ങാതിരിക്കാനുമാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്നും ഇദ്ദേഹം വിശദീകരിക്കുന്നു

ഡോക്ടർമാരും നഴ്‌സുമാരും മാത്രമല്ല, ഔദ്യോഗിക വാഹനങ്ങൾ, വൈദ്യുതി ശൃംഖല കൈകാര്യം ചെയ്യുന്നവർ, അഗ്‌നിശമന വാഹനങ്ങൾ, ഗാർഡ വാഹനങ്ങൾ, ആംബുലൻസുകൾ എന്നിവയ്‌ക്കെല്ലാം ഇന്ധനം ഉറപ്പാക്കേണ്ടതുണ്ട്.

അവശ്യ തൊഴിലാളികളല്ലാത്തവർക്കെല്ലാം ഇന്ധനം ലഭിക്കുന്നതിന് നിയന്ത്രണം വന്നേക്കും. ഇന്ധന പ്രതിസന്ധി രൂക്ഷമായാൽ നേരിടുന്നതിനുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.