ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയും ഫില്ലി ഇന്ത്യൻസ് റൈഡേഴ്സ് ടീമും ചേർന്ന് 'റൈഡേഴ്സ് എഗൈൻസ്റ്റ് ഗൺ വയലൻസ്' എന്ന ടാഗ് ലൈനോടെ സംഘടിപ്പിച്ച മോട്ടോർ സൈക്കിൾ റാലി പുതുമകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വൻ വിജയമായി. സമീപകാലത്ത് അമേരിക്കയിൽ നടന്ന മാസ് ഷൂട്ടിംഗിലും ഗൺ വയലൻസിലും നൂറുകണക്കിന് ജീവനുകളാണ് അപഹരിക്കപ്പെട്ടത് . ഫിലാഡൽഫിയയിൽ മാത്രം ഇതുവരെ 315-ലധികം ജീവൻ അപഹരിച്ചു. ഇത്തരം അതിക്രമങ്ങൾക്കെതിരെ അതിശക്തവും സുതാര്യവുമായ ഗൺ കൺട്രോൾ നിയമങ്ങൾ വേണമെന്ന് ലോമേക്കേഴ്സ് ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഇതിന്റെ രജിസ്‌ട്രേഷനിൽക്കൂടി ലഭിച്ച തുക ഫിലാഡൽഫിയയിലും സമീപപ്രദേശങ്ങളിലും ഭക്ഷണമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പാവങ്ങൾക്ക് ഭക്ഷണം നൽകുവാനായി വിനിയോഗിക്കും.

ലാങ്ഹോണിലെ സ്റ്റാർസ് ആൻഡ് സ്‌ട്രൈപ്സ് ഹാർലി ഡേവിസണിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച റാലി ബക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ശ്രീ. മാത്യു വെയ്ൻട്രാബ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഹോംലാൻഡ് സെക്യൂരിറ്റിയുടെയും ഫിലാഡൽഫിയ പൊലീസിന്റെയും അകമ്പടിയോടെ റൈഡർമാർ ഫിലാഡൽഫിയയിലെ മ്യൂസിയം ഓഫ് ആർട്‌സിലേക്ക് റാലിയായി പോയി; റൈഡർമാർക്കായി ഹൈവേ 95 പൂർണ്ണമായും ഗതാഗതം സുഗമമാക്കാൻ വേണ്ട സജ്ജീകരണങ്ങൾ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥർ ചെയ്തുകൊടുത്തു.

ന്യൂജേഴ്സി, ന്യൂയോർക്ക്, കണക്റ്റിക്കട്ട്, ഡെലവെയർ ഫിലാഡൽഫിയ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 60-ലധികം റൈഡർമാർ പരിപാടിയിൽ പങ്കു ചേർന്നു. ഈ പ്രോഗ്രാം വൻ വിജയമാക്കുവാൻ സഹായിച്ചവർക്കും, റൈഡിങിൽ ബൈക്കുമായി പങ്കെടുത്തവർക്കും വന്നുചേർന്ന ഏവർക്കും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ പ്രസിഡന്റ് തോമസ് ചാണ്ടി, ഫില്ലി ഇന്ത്യൻസിൽ നിന്നുള്ള ബെൻ ഫിലിപ്പ് എന്നിവർ നന്ദി രേഖപ്പെടുത്തി.