- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയെ ഞെട്ടിച്ച കൊലപാതക പരമ്പര; മൃതദേഹങ്ങളുടെ തലയറുത്തു; പലയിടങ്ങളിലായി ഉപേക്ഷിച്ചു; കൊല്ലപ്പെട്ടവർ ലൈംഗിക തൊഴിലാളികൾ; പ്രതികളെ പിടികൂടിയത് അടുത്ത കൊലയ്ക്കുള്ള മുന്നൊരുക്കത്തിനിടെ; തന്നെ ലൈംഗികവൃത്തിയിൽ എത്തിച്ചവരോട് യുവതിയുടെ പ്രതികാരം; കാമുകനും പിടിയിൽ
ബെംഗളൂരു: കർണാടകയിൽ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്ത കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ശ്രീരംഗപട്ടണം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രാമനഗരയിലെ കുഡുർ സ്വദേശി ടി.സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് പിടിയിലായത്.
ജൂൺ ഏഴിന് കർണാടക മണ്ഡ്യയിലെ അരകെരെ, കെ ബെട്ടനഹള്ളി എന്നിവിടങ്ങളിൽ രണ്ടു സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. കൊല്ലപ്പെട്ടവരുടെ കുടുംബവുമായി പ്രതികൾ അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ പൊലും ഇവരെ സംശയിച്ചിരുന്നില്ല.
അരകെരെയിലും കെ ബെട്ടനഹള്ളിയിലുമായി കണ്ടെത്തിയ മൃതദേഹങ്ങൾ ലൈംഗികത്തൊഴിലാളികളായ ചാമരാജനഗർ സ്വദേശിനി സിദ്ധമ്മ, ചിത്രദുർഗ സ്വദേശിനി പാർവതി എന്നിവരുടെതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ അഡുഗോഡിയിൽ കുമുദയെന്ന സ്ത്രീയെയും ഇരുവരും കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. സമാനരീതിയിൽ അഞ്ചു സ്ത്രീകളെ കൂടി വകവരുത്താൻ പ്രതികൾ തീരുമാനിച്ചിരുന്നു. നാലാമത്തെ കൊലപാതകത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്നു ദക്ഷിണാ മേഖല ഐജിപി പ്രവീൺ മധുകർ പവാർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളായ കമിതാക്കൾ വെളിപ്പെടുത്തിയത് പ്രതികാരത്തിന്റെ കഥയാണ്. കർണാടകയെ ഞെട്ടിച്ച കൊലപാതക പരമ്പരയ്ക്ക് നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വിരാമമായത്. ഏതാനും വർഷം മുമ്പുവരെ ലൈംഗികതൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു ചന്ദ്രകല. ഇതിനിടെയാണ് സിദ്ധലിംഗപ്പയുമായി പരിചയത്തിലാകുന്നത്. അടുപ്പം വളർന്ന് പ്രണയത്തിലാകുകയും ചന്ദ്രകല ലൈംഗികതൊഴിൽ അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ, തന്നെ ലൈംഗികതൊഴിലിലേക്ക് കൊണ്ടുവന്നവരോട് ചന്ദ്രകലക്ക് അടങ്ങാത്ത പ്രതികാരമുണ്ടായിരുന്നു. ഇത് സിദ്ധലിംഗയോട് പറഞ്ഞതും ഇരുവരും ചേർന്ന് കൊലപാതകങ്ങൾക്ക് പദ്ധതിയിട്ടു.
ജൂൺ ഏഴിനാണ് അരാകെരെ, കെ ബട്ടനഹള്ളി എന്നീ സ്ഥലങ്ങളിൽ നിന്ന് തലയറുത്ത നിലയിൽ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തുന്നത്. ഒന്ന് തടാകത്തിലും ഒന്ന് കനാലിലും ചാക്കിലാക്കി തള്ളിയ നിലയിലായിരുന്നു. 25 കി.മീ ദൂരത്തിനിടക്ക് കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തി. ആളെ തിരിച്ചറിയാതിരിക്കാൻ രണ്ട് മൃതദേഹത്തിന്റെയും തലയറുത്ത് മാറ്റിയിരുന്നു.
കേസ് അന്വേഷിക്കാനായി ഒമ്പത് സംഘങ്ങളായി 45 പൊലീസുകാരെയാണ് നിയോഗിച്ചത്. സംസ്ഥാനത്ത് സമീപകാലത്ത് കാണാതായ മുഴുവൻ സ്ത്രീകളെ കുറിച്ചുമുള്ള വിവരം ശേഖരിച്ചു. കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി കാണാതായ 1116 സ്ത്രീകളുടെ വിവരമാണ് സംഘം ശേഖരിച്ചത്. ഈ വിവരങ്ങൾ വിശകലനം ചെയ്തുകൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നത് ഏറെ ശ്രമകരമായ പ്രവൃത്തിയായിരുന്നു.
ചാമരാജനഗറിൽ നിന്ന് കാണാതായ സ്ത്രീയുടെ വിവരങ്ങൾ കൊല്ലപ്പെട്ടവരിലൊരാളുടേതുമായി സാമ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ വീട്ടിലെത്തി പരിശോധിച്ച് കൊല്ലപ്പെട്ടത് ആ സ്ത്രീ തന്നെയാണെന്ന് ഉറപ്പിച്ചു. ഇവരുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്തപ്പോൾ മൈസൂരുവിൽ നിന്ന് മാണ്ഡ്യയിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി.
കോൾ വിവരങ്ങൾ പരിശോധിച്ചപ്പോൾ, പ്രതികളുടേത് ഉൾപ്പെടെ നിരവധി പേരുടെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് വ്യാഴാഴ്ച ബംഗളൂരുവിൽ നിന്ന് പൊലീസ് സിദ്ധലിംഗയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീനിയയിലെ ഒരു ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് പിന്നിലെ വിവരങ്ങൾ വ്യക്തമായത്.
സിദ്ധമ്മ, പാർവതി എന്നിവരെയാണ് സിദ്ധലിംഗയും ചന്ദ്രകലയും ചേർന്ന് കൊലപ്പെടുത്തിയത്. തന്നെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ച ഇരുവരോടും ചന്ദ്രകലക്ക് വൈരാഗ്യമുണ്ടായിരുന്നു. ഇത് മറച്ചുവെച്ചുകൊണ്ട് ഇരുവരെയും ജൂൺ അഞ്ചിന് ചന്ദ്രകല മൈസൂരുവിലെ വാടകവീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വെച്ച് പ്രതികൾ ഇരുവരും ചേർന്ന് ഇവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ തലയറുത്തുമാറ്റി ഉപേക്ഷിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിനിടെ, കുമുദ എന്ന സ്ത്രീയെ കൂടി സമാനരീതിയിൽ കൊലപ്പെടുത്തിയതായി പ്രതികൾ പറഞ്ഞു. ഇവരുടെ ആഭരണങ്ങൾ കവർന്ന് പുതിയ വാടക വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ഇവിടെവച്ചാണ് പൊലീസിന്റെ പിടിയിലായത്. അഞ്ച് പേരെ കൂടി കൊല്ലാൻ തങ്ങൾ പദ്ധതിയിട്ടിരുന്നതായും പ്രതികൾ വെളിപ്പെടുത്തി. അടുത്തയാളെ കൊലപ്പെടുത്താനുള്ള മുന്നൊരുക്കത്തിനിടെയാണ് ഇരുവരെയും പിടികൂടിയത്.
പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിന് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് മൗസൂരു സൗത്ത് സോൺ ഐ.ജി പ്രവീൺ മധുകർ പവാർ പറഞ്ഞു.
ന്യൂസ് ഡെസ്ക്