മുംബൈ: മഹാരാഷ്ട്രയിൽ അയൽവാസിയുടെ തത്ത ശല്യമാകുന്നു എന്ന പരാതിയുമായി 72കാരൻ പൊലീസ് സ്റ്റേഷനിൽ. തത്തയുടെ കരച്ചിലും അലർച്ചയും തനിക്ക് ശല്യമാകുന്നു എന്ന് കാണിച്ചാണ് പുനെ സ്വദേശി പരാതി നൽകിയത്.

പുനെയിലെ ഖഡ്കി പൊലീസ് സ്റ്റേഷനിൽ സുരേഷ് ഷിൻഡെയാണ് പരാതി നൽകിയത്. ശിവാജി നഗറിലെ പാർപ്പിട സമുച്ചയത്തിലാണ് സുരേഷ് ഷിൻഡെ താമസിക്കുന്നത്.തത്തയെ വളർത്തുന്ന അയൽവാസി അക്‌ബർ അംജദ് ഖാനെതിരെയാണ് 72കാരൻ പരാതി നൽകിയത്. തത്തയുടെ കരച്ചിലും അലർച്ചയും ശല്യമാകുന്നു എന്നതാണ് പരാതിയിൽ പറയുന്നത്.

ഭയപ്പെടുത്തൽ, സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തൽ തുടങ്ങി വകുപ്പുകൾ അനുസരിച്ച് തത്തയുടെ ഉടമയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.