ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ വി.ആർ. കൃഷ്ണ തേജയുടെ ആദ്യ ദിനത്തിലെ ആദ്യ ഉത്തരവ് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി അറിയിച്ചുകൊണ്ടുള്ളതായിരുന്നു. അതിനൊപ്പം കുട്ടികൾക്ക് കരുതലിന്റെ ചില ഓർമ്മപ്പെടുത്തലുമായി കുറിപ്പുമുണ്ടായിരുന്നു.

അതിന് പിന്നാലെ സാമ്പത്തിക പ്രയാസത്തിനിടെ പഠനത്തിനൊപ്പം ജോലിയും ചെയ്യേണ്ടിവന്ന തന്റെ പഠനകാലത്തെക്കുറിച്ചും ഐഎഎസ് പാസ്സാകാൻ വേണ്ടിവന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ പ്രസംഗവും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇപ്പോഴിതാ കുട്ടികൾക്കായി പുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ.

കൃഷ്ണ തേജ പങ്കുവെച്ച കുറിപ്പ്

പ്രിയപ്പെട്ട കുട്ടികളെ,
എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ...
ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ...??
രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്‌കൂളിൽ പോകുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം,
അച്ഛാ...അമ്മേ ... ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും.
എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും സ്നേഹാശംസകൾ.
ഒരുപാട് സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം.