തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസന വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിനിർത്തിയാൽ ചർച്ചയാകാമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ചർച്ചകൾക്കായി ഏതുസമയവും തന്റെ ഓഫീസിൽ എത്താമെന്നും അദ്ദേഹം പ്രതികരിച്ചു.

മുൻകാല സർക്കാരുകളേക്കാൾ ദേശീയപാതാ വികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മുൻവർഷങ്ങളേക്കാൾ തുക റോഡ് വികസനത്തിനായി സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുണ്ട്. കുതിരാൻ അടക്കം സംസ്ഥാനത്തിനായുള്ള കേന്ദ്ര ഇടപെടലുകൾ ഇതിന് തെളിവാണ്. ദേശീയപാതാ വികസനത്തിൽ പോരായ്മകളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് കേന്ദ്രം തയാറാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ദേശീയപാത അഥോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. ദേശീയപാതയിലെ കുഴികൾക്ക് പൂർണ ഉത്തരവാദി കരാറുകാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിന് പരാതി നൽകണമെന്നും വിഷയത്തിൽ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.