ന്യൂഡൽഹി: ഗ്രൂപ്പുകളിലൂടെ പ്രചരിക്കപ്പെടുന്ന അധിക്ഷേപകരവും വ്യാജവുമായ സന്ദേശങ്ങൾ തടയാൻ ലക്ഷ്യമിട്ട് പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചർ, അഡ്‌മിന്മാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. പ്രമുഖ വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് പുതിയ ഫീച്ചറിനെ കുറിച്ച് സൂചന നൽകിയിരിക്കുന്നത്.

നിലവിൽ ഗ്രൂപ്പുകളിൽ വരുന്ന സന്ദേശങ്ങൾ അത് പോസ്റ്റ് ചെയ്യുന്ന ആൾക്ക് മാത്രമേ നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ. 'ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ, മറ്റുള്ളവരുടെ ഫോണുകളിൽ നിന്നും ആ സന്ദേശം മായ്ക്കപ്പെടും. എന്നാൽ, ഇനിമുതൽ ഗ്രൂപ്പ് അഡ്‌മിന്മാർക്കും അംഗങ്ങൾ പങ്കുവെക്കുന്ന മെസ്സേജുകൾ അതുപോലെ ഒഴിവാക്കാം.

അഡ്‌മിൻ സന്ദേശം നീക്കം ചെയ്താൽ, അതിന്റെ വിവരം ഗ്രൂപ്പിലെ എല്ലാവർക്കും കാണാൻ സാധിക്കും. അതേസമയം, ഒരു സമയപരിധിക്കുള്ളിൽ മാത്രമേ, അഡ്‌മിന് മെമ്പർമാരുടെ മെസ്സേജുകൾ നീക്കാൻ കഴിയുകയുള്ളൂ. അഡ്‌മിന്മാർ അംഗങ്ങളുടെ സന്ദേശങ്ങളിൽ പ്രസ് ചെയ്യുമ്പോൾ 'ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഫോണിലും ആ സവിശേഷത എത്തി എന്ന് ഉറപ്പിക്കാം.