ഭോപ്പാൽ: മധ്യപ്രദേശിൽ കനത്തമഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരത്ത് നിർത്തിയിട്ടിരുന്ന കാറുകൾ ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞ് ഒഴുകുന്നത് കണ്ട് വനത്തിനോട് ചേർന്നുള്ള ഉയർന്നപ്രദേശത്തേയ്ക്ക് ഓടി മാറിയതുകൊണ്ടാണ് അമ്പതോളം വിനോദസഞ്ചാരികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ഞായറാഴ്ചയാണ് സംഭവം. ഖാർഗോൺ ജില്ലയിൽ സുഖ്ദി നദിയിലാണ് കനത്തമഴയെ തുടർന്ന് പെട്ടെന്ന് തന്നെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇൻഡോറിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് കുടുങ്ങിപ്പോയത്. ഇവർ സഞ്ചരിച്ചിരുന്ന 14 കാറുകളാണ് പൊടുന്നനെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പുഴയിൽ ഒലിച്ചുപോയത്.

പുഴ കരകവിഞ്ഞ് ഒഴുകുന്നത് കണ്ട് വിനോദസഞ്ചാരികൾ ഉയർന്ന പ്രദേശത്തേയ്ക്ക് ഓടി മാറിയതുകൊണ്ടാണ് വൻദുരന്തം ഒഴിവായത്. ഗത്യന്തരമില്ലാതെയാണ് ഇവർക്ക് കാറുകൾ ഉപേക്ഷിക്കേണ്ടി വന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ 10 കാറുകൾ വീണ്ടെടുത്തു. എന്നാൽ കാറിൽ വെള്ളം കയറി തകരാർ സംഭവിച്ചതിനെ തുടർന്ന് സ്റ്റാർട്ട് ആക്കാൻ സാധിച്ചില്ല.