മുംബൈ: മഹാരാഷ്ട്രയിൽ ഖാമാബായ് ആശ്രം സ്‌കൂളിൽ 13കാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. സ്‌കൂൾ സൂപ്രണ്ടിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു.

ആരോഗ്യ പ്രശ്‌നം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർ ഓഗസ്റ്റ് നാലിന് കുട്ടിക്ക് ടി.സി നൽകുകയും കുട്ടിയെ ഉടൻ കൂട്ടിക്കൊണ്ട് പോകാൻ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ലൈംഗിക ചൂഷണത്തിന് ഇരയായ കാര്യം കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്റ്റാഫിനെതിരെ അന്വേഷണങ്ങൾ നടക്കുകയാണെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഭദ്രാവതി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കുട്ടിയെ മെഡിക്കൽ പരിശോധനക്കായി നാഗ്പൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.