- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി വയോധികയുടെ മൃതദേഹം 8 മണിക്കൂർ ആശുപത്രിയിൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: ഇൻക്വസ്റ്റിന് പൊലീസെത്താൻ വൈകിയതു കാരണം ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കാൻ എട്ട് മണിക്കൂറെടുത്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട് പൊലീസ് ഉദ്യോഗസ്ഥരും ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും യഥാസമയം ആശുപത്രിയിൽ എത്തിയില്ല. കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിൽ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് (90) ശനിയാഴ്ച വൈകിട്ട് താമരശേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയിൽ മരിച്ചത്.
പനി ബാധിച്ച് ചികിത്സ തേടിയെ മാധവിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തതായിരുന്നു. താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് നാലിന് എത്തിച്ചപ്പോൾ മാധവി മരിച്ചിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയില്ലാത്തതു കാരണമാണ് മെഡിക്കൽ കോളേജിൽ രാത്രി തന്നെ മൃതദേഹം എത്തിക്കേണ്ടിയിരുന്നത്.
മാധവിയുടെ മകൾ മാത, സഹോദരിയുടെ മകൾ മിനി എന്നിവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ആശുപത്രി അധികൃതർ പല തവണ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞ ശേഷമാണ് രാത്രി പതിനൊന്നരയോടെ പൊലീസ് ആംബുലൻസുമായി എത്തിയത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.