ലക്നൗ: ആഗ്ര മെട്രോ റെയിലിന്റെ ഫസ്റ്റ് ലുക്ക് ഡിജിറ്റലായി പ്രകാശനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മെട്രോ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ 2024 മാർച്ചിൽ പൂർത്തീകരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ താജ് ഈസ്റ്റ് ഗേറ്റിനും സിക്കന്ദ്രയ്ക്കും ഇടയിലുള്ള 14 കി.മീ. ഭൂഗർഭ സ്റ്റേഷനുകൾക്കായുള്ള മണ്ണ് പരിശോധന യുപിഎംആർസി ആരംഭിച്ചു കഴിഞ്ഞു. നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നതായും യുപിഎംആർസി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ള പദ്ധതിയിലേക്ക് മൂന്ന് കോച്ചുകൾ വീതമുള്ള 29 മെട്രോ ട്രെയിനുകളാണ് വിതരണം ചെയ്യുക. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാണ് ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ഡയറക്ടർ സുശീൽ കുമാർ വ്യക്തമാക്കി. ഗുജറാത്തിലെ സാവ്‌ലിയിലാണ് മെട്രോ കോച്ചുകൾ നിർമ്മിക്കുക.

മെട്രോ ഇടനാഴി ആഗ്രയിലെ വിവിധ ഇടങ്ങളെയും മാർക്കറ്റുകളെയും ബന്ധിപ്പിക്കുമെന്ന് യുപിഎംആർസി ഡയറക്ടർ പറഞ്ഞു. നഗരത്തിലേക്ക് വിനോദ സഞ്ചാരികളെ ആർഷിപ്പിക്കാനും ഇടനാഴിക്കാകും. താജ്മഹൽ, ആഗ്ര ഫോർട്ട്, ഗുരു കാ തൽ, സിക്കന്ദ്ര തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാകും മെട്രോ ഇടനാഴി.