പട്‌ന: അധികാരം നിലനിർത്താൻ ബിജെപി വിട്ട് ആർജെഡിയുമായി കൈകോർത്ത ജെഡിയു നേതാവ് നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ലോക് ജൻശക്തി പാർട്ടി (എൽജെപി) മുൻ അധ്യക്ഷൻ ചിരാഗ് പാസ്വാൻ. നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടമായെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ചിരാഗ് ആവശ്യപ്പെട്ടു.

''ഇന്ന് നിതീഷ് കുമാറിന്റെ വിശ്യാസ്വത പൂജ്യമാണ്. ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഒരു പുതിയ തുടക്കം കൊണ്ടുവരണം. നിതീഷ്, നിങ്ങൾക്ക് എന്തെങ്കിലും ആദർശമുണ്ടോ? അടുത്ത തിരഞ്ഞെടുപ്പിൽ ജെഡിയുവിന് ഒരു സീറ്റു പോലും ലഭിക്കില്ല.' ചിരാഗ് പറഞ്ഞു.

ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രാജ്ഭവനിലെത്തി ഗവർണറെ കണ്ടാണ് നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയത്. ആർജെഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവർണർക്കു കൈമാറി. തുടർന്ന് ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി നിതീഷ് കുമാർ വീണ്ടും ഗവർണറെ കണ്ടിരുന്നു.