ലോകത്തിന്റെ ഉൽപാദന കേന്ദ്രം എന്നാണ് ആഗോളവത്ക്കരണത്തിനു ശേഷം ചൈന അറിയപ്പെടുന്നത്. കുറഞ്ഞ നിർമ്മാണ ചെലവ്, ലോകമെമ്പാടുമുള്ള കോർപ്പറേറ്റുകൾക്ക് തങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ ചൈനയിൽ ആരംഭിക്കുന്നതിന് പ്രചോദനമായി. അങ്ങനെ ലോകത്തിന്റെ ഉൽപാദന കേന്ദ്രം എന്നറിയപ്പെടുന്ന ചൈന ഇനി അറിയപ്പെടാൻ പോകുന്നത് ലോകത്തിന്റെ രോഗോൽപാദന കേന്ദ്രം എന്നായിരിക്കുമോ ? ഈ സംശയം ശരിവയ്ക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ചൈനയിൽ നിന്നും വരുന്നത്.

ലോകത്തിന് കോവിഡിനെ സമ്മാനിച്ച നാട്ടിൽ നിന്നും അതിമാരകമായ മറ്റൊരു രോഗം കൂടി എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഒരു പുതിയ ഇനം വൈറസ് നിരവധിപേരെ ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലാംഗ്യ ഹെനിപവൈറസ് അല്ലെങ്കിൽ ലേ വി എന്നറിയപ്പെടുന്ന ഈ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ 35 പേരിലാണ് കണ്ടെത്തിയിരിക്കുന്നത്. ബാധിച്ചവരൈൽ മൂന്നിലൊന്ന് പേരുടെ മരണത്തിനിടയാക്കും എന്ന് തെളിയിക്കപ്പെട്ട വൈറസ് കുടുംബത്തിൽ നിന്നാണ് ഈ പുതിയ അവതാരം എത്തുന്നത്.

നിലവിൽ ഈ വൈറസ് ബാധിച്ചവരിൽ ആരും തന്നെ മരണമടഞ്ഞിട്ടില്ല. മാത്രമല്ല, എല്ലാവർക്കും വളരെ നേരിയ രീതിയിൽ മാത്രമേ ഇത് ബാധിച്ചിട്ടുള്ളു, ഫ്ളൂവിന് സമാനമായ ലക്ഷണങ്ങളാണ് എല്ലാവരും പ്രദർശിപ്പിക്കുന്നത്. മുള്ളൻപന്നിയുടെയും തുരപ്പനെലിയുടെയും കുടുംബത്തിൽ പെടുന്ന ചെറിയ സസ്തനന ജീവിയായ, ഷ്രൂ എന്ന് വിളിക്കപ്പെടുന്ന ഒരുതരം ചുണ്ടെലിയിലൂടെയാണ് ഈ വൈറസ് പടരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ആദ്യമായി 2019- ൽ ആയിരുന്നു മനുഷ്യരിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തിയത്. എന്നാൽ, ഇത്ര വ്യാപകമാകുന്നത് ഇതാദ്യമായാണ്.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് നേരിട്ട് പടരാനുള്ള സാധ്യത കുറവാണെന്നാണ് ബെയ്ജിങ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് മൈക്രോബയോളജി ആൻഡ് എപിഡെർമോളജിയിലെ ശാസ്ത്രജ്ഞ ർ പറയുന്നത്. എന്നാൽ അങ്ങണെ സംഭവിച്ചുകൂടായ്കയുമില്ല. 2019 ജനുവരിയിൽ ആയിരുന്നു ഈ വൈറസിന്റെ സാന്നിദ്ധ്യം ആദ്യം കണ്ടെത്തിയതെന്ന് ഇൻസ്റ്റിറ്റിയുട്ടിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. തൊട്ടടുത്ത വർഷം 14 പേരിൽ ഇത് സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശീ വേദന തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് ബാധിച്ചവരിൽ ഏകദേശം 35 ശതമാനം പേർക്ക് ഇത് കരളിൽ ബാധിക്കാറുണ്ട്. ഏകദേശം 8 ശതമാനം പേരിൽ വൃക്കകളുടെ പ്രവർത്തനം തകരാറിലാകും. രോഗം പരത്തുന്ന ചുണ്ടെലികൾക്ക് പുറമെ, നായ്ക്കൾ, ആടുകൾ എന്നീ മൃഗങ്ങളിലും ഈ രോഗത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.