കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികൾ എന്ന് പറയുമ്പോഴും പഴികൾ ഏറെ വാങ്ങിപറ്റുവാനും, ദുരിതങ്ങൾ അനുഭവിക്കാനും വിധിക്കപ്പെട്ടവൻ കൂടിയാണവൻ എന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. കോവിഡിന്റെ ആദ്യകാലങ്ങളിൽ കോവിഡ് പടർത്തുന്നു എന്ന പഴി ഏറെ കേട്ടവരാണ് പ്രവാസി മലയാളികൾ. നാട്ടിലുള്ളവർ സ്വതന്ത്രരായി കറങ്ങുമ്പോഴും വീടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കാനായിരുന്നു അവന്റെ വിധി. പുറത്തിറങ്ങിയാൽ നാട്ടുകാരും പൊലീസും ഒരുപോലെ ഇടപെടുമായിരുന്നു. സ്വന്തം വീടുകളിൽ താമസിക്കാൻ പോലും പലർക്കും നാട്ടുകാരുടേ പ്രതിഷേധങ്ങളെ നേരിടേണ്ടി വന്നതും ആരും മറന്നു കാണില്ല.

തീരാത്ത ദുരിതങ്ങൾ വേട്ടയാടുന്ന പ്രവാസി മലയാളികൾക്ക് ഇത്തവണ ദുരിതം നൽകാൻ എത്തുന്നത് മങ്കിപോക്സ് എന്ന വില്ലനാണ്. രോഗ പ്രതിരോധത്തിൽ ആവേശം മൂത്ത അധികൃതർ അത്തരത്തിലുള്ള പെരുമാറ്റമാണ് നടത്തുന്നത്. ഈയടുത്ത് ബ്രിട്ടനിൽ സ്ഥിരതാമസക്കാരനായ ഒരു മലയാളി കൊല്ലത്തെ ശാസ്താംകോട്ടയിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവം അതാണ് പറയുന്നത്.

കണ്ണിനു താഴെ ചുവന്ന ചില തുടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് സമീപത്തെ ഒരു ആശുപത്രിയിൽ എത്തി അയാൽ ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കണ്ടു. അയാളുടെ രക്തം പരിശോധനക്കായി എടുത്തതിനോടൊപ്പം പൂർണ്ണ വിവരങ്ങളും ആശുപത്രി അധികൃതർ ശേഖരിച്ചു. അതിൽ, യു കെയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണ് എന്ന വിവരവും ഉൾപ്പെട്ടിരുന്നു.

പ്രാഥമിക പരിശോധനകൾക്ക് ശേഷം ഡോക്ടർ കുറിച്ചു കൊടുത്ത മരുന്നും വാങ്ങി അയാൾ വീട്ടിലെത്തി. പാതിരാത്രി കഴിഞ്ഞപ്പോഴാണ് വീടിന്റെ കതകിൽ മുട്ടുന്നത്, ആരോഗ്യവകുപ്പ് അധികൃതർ. അകത്തുകയറിയ അവർ അയാളോട് പറഞ്ഞത് അവർ അയാളെ ക്വാറന്റൈനിൽ ആക്കുന്നു എന്നാണ്. ബ്രിട്ടീഷ് മലയാളി അതിനെ എതിർത്തെങ്കിലും അധികൃതർ കർശനമായ നിർദ്ദേശം നൽകുകയായിരുന്നു. അയാൾക്ക് മാത്രമല്ല, അയാൾക്കൊപ്പം വന്നവർക്കും ക്വാറന്റൈൻ ഏർപ്പെടുത്തി.

താൻ യു കെയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ തന്നെ, പരിശോധിച്ച ഡോക്ടറുടെ മുഖഭാവം മാറിയതായി അയാൾ പറയുന്നു. അയാളുടെ എതിർപ്പ് വകവെക്കാതെ രണ്ടു പകലും രണ്ട് രാത്രിയും പുനലൂർ താലൂക്ക് ആശുപത്രിയിൽ അയാളെ ക്വാറന്റൈനിൽ ആക്കി. ശാസ്താംകോട്ടയിലെ ഡോക്ടർ നൽകിയ വിവരമനുസരിച്ചാണ് തങ്ങൾ നടപടി എടുത്തത് എന്നാണ് കൊല്ലം കൺട്രോൾ റൂം പറയുന്നത്. പിന്നീട് മങ്കി പോക്സ് അല്ലെന്ന് കണ്ട് അയാളെ ആശുപത്രിയിൽ നിന്നും വിട്ടയയ്ക്കുകയായിരുന്നു.