ലണ്ടൻ: ഇതിഹാസ ഫുട്‌ബോളർ റയാൻ ഗിഗ്‌സിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കാമുകി കേറ്റ് ഗ്രെവിൽ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, വെയിൽസ് താരമായ ഗിഗ്‌സ് തന്നെ നഗ്‌നയാക്കി ഹോട്ടൽ മുറിക്ക് പുറത്തു തള്ളിയെന്നും മറ്റ് എട്ട് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു എന്നും കേറ്റ് കോടതിയിൽ പറഞ്ഞു. മുൻ കാമുകി കേറ്റ് ഗ്രെവില്ലെയെയും അവളുടെ ഇളയ സഹോദരി എമ്മയെയും ആക്രമിച്ചതിന് കോടതി വിചാരണ നേരിടുകയാണ് ഗിഗ്സ്.

ഗിഗ്സ് തന്റെ ഉറ്റ സുഹൃത്തും ആത്മമിത്രവും ആയിരുനെന്നും എന്നാൽ പിന്നീട് അയാൾ അധിക്ഷേപിക്കുന്നവനും നീചനും ആയെന്ന് കേറ്റ് പറയുന്നു. 2017 ഓഗസ്റ്റിനും 2020 നവംബറിനും ഇടയിൽ കേറ്റിനെ നിരന്തരമായി ആക്രമിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.

താനുമായി ബന്ധത്തിലിരിക്കെ ഗിഗ്‌സിന് മറ്റ് എട്ട് സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു. സുഹൃത്തുക്കൾക്ക് മെസേജ് അയക്കുമ്പോൾ തന്നെ 'മാലിന്യം' എന്നും 'പശു' എന്നുമാണ് സംബോധന ചെയ്തിരുന്നതെന്നും ഇവർ ആരോപിച്ചു.

2020 നവംബർ ഒന്നിന് കേറ്റ് ഗ്രെവില്ലിനെയും അനിയത്തി എമ്മ ഗ്രെവില്ലിനെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗിഗ്‌സിനെതിരെ കേസ് നിലവിലുണ്ട്. 2017 മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ ഗിഗ്‌സ് തന്നെ പലരീതിയിലും ഉപദ്രവിച്ചിട്ടുണ്ടെന്ന് കേറ്റ് ഗ്രെവിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇതൊക്കെ ഗിഗ്‌സ് നിഷേധിച്ചു.

2020 നവംബർ 1-ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വോർസ്ലിയിലുള്ള തന്റെ വീട്ടിൽ വെച്ച് കേറ്റിനെ ആക്രമിച്ചു. ശാരീരിക ഉപദ്രവം ഏല്പിച്ചു. ഗിഗ്സിന് മറ്റ് എട്ട് സ്ത്രീകളുമായി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവുകൾ കണ്ടെത്തിയതായി കേറ്റ് ഡിറ്റക്ടീവുകളോട് പറഞ്ഞു. തന്നോട് വളരെ മോശമായി പെരുമാറിയെന്നും കൂടെ ഉണ്ടായിരുന്ന സമയത്തല്ലാം ശാരീരികമായി ഉപദ്രവിച്ചുവെന്നും കേറ്റ് വിശദീകരിച്ചു.

''ഒരിക്കൽ ഒരു നൈറ്റ്ക്ലബിൽ നിന്ന് തിരികെവന്നപ്പോൾ ഞാൻ എന്തോ പറഞ്ഞത് ഗിഗ്‌സിന് ഇഷ്ടപ്പെട്ടില്ല. ദേഷ്യപ്പെട്ട അയാൾ നഗ്‌നയായിരുന്ന എന്നെ ഹോട്ടൽ മുറിയിലൂടെ വലിച്ചിഴച്ച് ലോഞ്ചിലേക്ക് കൊണ്ടുപോയി. എന്റെ സ്യൂട്ട്‌കേസും മറ്റും കോറിഡോറിലേക്ക് എറിഞ്ഞ് വാതിലടച്ചു. ഞാൻ നഗ്‌നയായിരുന്നു. എന്നെ സാധനങ്ങളെല്ലാം കോറിഡോറിലായിരുന്നു. എന്റെ സാധനങ്ങളൊക്കെ എടുത്ത് ഒരു ടവലുടുത്താണ് ഞാൻ നാണം മറച്ചത്.''- 2017ലുണ്ടായ സംഭവത്തെപ്പറ്റി കേറ്റ് വെളിപ്പെടുത്തി.

''2019ൽ, ഞാൻ വസ്ത്രങ്ങളെല്ലാം മാറ്റി കിടക്കയിലേക്ക് ചെന്നപ്പോൾ ഗിഗ്‌സ് എന്നെ ചവിട്ടി. ഞാൻ ബെഡിൽ നിന്ന് നിലത്തുവീണു. എനിക്ക് കാര്യം മനസ്സിലായില്ല. ഗിഗ്‌സ് എന്നെ എടുത്ത് ലോഞ്ചിലേക്കെറിഞ്ഞു. എന്റെ ബാഗും ലാപ്‌ടോപ്പുമൊക്കെ എന്റെ തലയിലേക്കെറിഞ്ഞു. ഞാൻ ലോഞ്ചിൽ നഗ്‌നയായി കിടന്നു. 10 മിനിട്ടിനു ശേഷം അയാൾ എന്നെ എടുത്ത് ബെഡിലേക്കിട്ടു. അയാൾക്ക് സെക്‌സ് ചെയ്യണമായിരുന്നു. എനിക്ക് രാവിലെ എഴുന്നേറ്റപ്പോൾ ഓർമ ഉണ്ടായില്ല. 'രാത്രി എന്റെ ബാഗെടുത്ത് എന്റെ തലയിലെറിഞ്ഞോ?' എന്ന് ഞാൻ ചോദിച്ചു. ഗിഗ്‌സ് സമ്മതിച്ചു. താൻ പലരോടും ശൃംഗരിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞെന്നും അതുകൊണ്ട് ദേഷ്യം വന്നപ്പോൾ അങ്ങനെ ചെയ്‌തെന്നും ഗിഗ്‌സ് പറഞ്ഞു. ഞാനാണ് അയാളെക്കൊണ്ട് അത് ചെയ്യിച്ചതെന്ന് കുറ്റപ്പെടുത്തി.''- കേറ്റ് ഗ്രെവിൽ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ഗിഗ്‌സ് യുണൈറ്റഡിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2018ൽ വെയിൽസ് ദേശീയ ടീം പരിശീലകനായ താരം ഈ വർഷം ജൂൺ 20ന് പരിശീലക സ്ഥാനം രാജിവച്ചു. ഓൾഡ് ട്രാഫോർഡിൽ ഉണ്ടായിരുന്ന സമയത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡിനായി 13 പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളും നാല് എഫ്എ കപ്പുകളും മൂന്ന് ലീഗ് കപ്പുകളും നേടിയ വ്യക്തിയാണ് ഗിഗ്സ്. വെയിൽസിനായി 64 മത്സരങ്ങൾ കളിച്ച അദ്ദേഹം ലീഗ് ടു സൈഡ് സാൽഫോർഡ് സിറ്റിയുടെ സഹ ഉടമയുമാണ്. കേസിൽ വിചാരണ തുടരുകയാണ്.