ന്യൂഡൽഹി: ജിമ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് പ്രശസ്ത സ്റ്റാൻഡപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ട്രെഡ്മിൽ ഉപയോഗിച്ചുകൊണ്ടിരിക്കേ നെഞ്ചുവേദനയനുഭവപ്പെട്ട് നിലത്തുവീഴുകയായിരുന്നു.

ജിമ്മിലെ പരിശീലകനാണ് പ്രഥമശുശ്രൂഷ നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഡോ. നിതീഷ് ന്യായിന്റെ നേതൃത്വത്തിലുള്ള കാർഡിയോളജി ആൻഡ് എമർജൻസി സംഘമാണ് രാജു ശ്രീവാസ്തവയെ ചികിത്സിക്കുന്നത്. ഉത്തർ പ്രദേശ് ഫിലിം ബോർഡ് ചെയർമാൻ കൂടിയാണ് രാജു ശ്രീവാസ്തവ.

ട്രെഡ് മില്ലിൽ ഓടുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. രാജു ശ്രീവാസ്തവ ഇപ്പോൾ എയിംസിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ സഹോദരൻ ആശിഷ് ശ്രീവാസ്തവ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ചില നേതാക്കളെ കാണാനായാണ് രാജു ഡൽഹിയിലെത്തിയത്. ഇന്ന് രാവിലെ ജിമ്മിൽ പോയ അദ്ദേഹം മറ്റൊരു ജിമ്മിലും പോയി. ഇതേദിവസം തന്നെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ച് എയിംസിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ആശിഷ് അറിയിച്ചു.