- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജംഷഡ്പുരിൽ മുപ്പത്തേഴുകാരനൊപ്പം ഒളിച്ചോടാൻ പതിനഞ്ചുകാരിയുടെ ശ്രമം; നീക്കം തടഞ്ഞ മാതാപിതാക്കളെ കൊന്നുതള്ളി; കാമുകനൊപ്പം നാടുവിട്ടു; വാടകവീട്ടിൽ നിന്ന് ഇരുവരെയും പിടികൂടിയെന്ന് പൊലീസ്
ജംഷഡ്പുർ: മുപ്പത്തിയേഴു വയസ്സുകാരനായ കാമുകനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാർ എതിർത്തതിന്റെ പകയിൽ പതിനഞ്ചുകാരി കാമുകന്റെ സഹായത്തോടെ മാതാപിതാക്കളെ കൊലപ്പെടുത്തി. കാമുകനൊപ്പം ഇറങ്ങിപ്പോകുന്നതിനു പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തതാണു കൊലപാതകത്തിൽ കലാശിച്ചത്. ജംഷദ്പൂരിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും 37കാരനും തമ്മിലായിരുന്നു പ്രണയം. ഞായറാഴ്ച രാത്രി വീട്ടിൽനിന്നും ഒളിച്ചോടാൻ ശ്രമിച്ചത് പെൺകുട്ടിയുടെ മാതാപിതാക്കൾ പിടികൂടി. പിന്നാലെ തർക്കമായി. ഈ സമയം കയ്യിൽ കിട്ടിയ ചുറ്റികയും പ്രഷർ കുക്കറും കൊണ്ട് ഇരുവരും ചേർന്ന് മാതാപിതാക്കളെ അടിച്ചു കൊല്ലുകയായിരുന്നു.
ചോരയിൽ കുളിച്ച നിലയിലാണ് രാവിലെ അയൽക്കാർ മൃതദേഹം കണ്ടെത്തിയത്. 42 വയസ്സുള്ള പിതാവും 35 വയസ്സുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം ബൈക്കിൽ നാടുവിട്ട പ്രതികളെ പൊലീസ് പിന്നീട് പിടികൂടി.
ഈസ്റ്റ് സിങ്ഭുവിൽ ടെൽകോം സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. പെൺകുട്ടിയെ കാമുകനോടപ്പം ഒളിച്ചോടുന്നതിനും വിവാഹം കഴിക്കുന്നതിൽ നിന്നും തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച കാമുകനോടപ്പം ഒളിച്ചോടാൻ പെൺകുട്ടി ശ്രമിക്കുകയായിരുന്നു. എന്നാൽ, ശബ്ദം കേട്ട് ഉണർന്ന മാതാപിതാക്കൾ പെൺകുട്ടിയെ പോകുന്നതിൽ നിന്നും തടഞ്ഞതിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബിർസാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓംനഗറിലെ വാടകവീട്ടിൽ നിന്ന് പെൺകുട്ടിയെയും കാമുകനെയും അറസ്റ്റ് ചെയ്തതായി എസ്‌പി. കെ. വിജയ് ശങ്കർ പറഞ്ഞു. പെൺകുട്ടിക്കും കാമുകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി. കൊലക്ക് ഉപയോഗിച്ച ചുറ്റികയും പ്രഷർകുക്കറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ന്യൂസ് ഡെസ്ക്