ന്യൂഡൽഹി: റേഷൻകടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പാവങ്ങളോട് ദേശീപതാക വാങ്ങാൻ നിർബന്ധിച്ചെ രീതിയിൽ വീഡിയോ പ്രചരിച്ച സംഭവം നാണക്കേടാണെന്ന് ബിജെപി എംപി വരുൺ ഗാന്ധി. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകുന്നില്ലെന്നും സംഭവം വലിയ നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തായിരുന്നു വരുൺ ഗാന്ധിയുടെ ആരോപണം. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം പാവങ്ങൾക്ക് ഭാരമാവുന്നത് ദൗർഭാഗ്യകരമാണെന്നും വരുൺ ഗാന്ധി ട്വീറ്റിൽ കുറിച്ചു.

വരുൺ ഗാന്ധി പങ്കുവെച്ച വീഡിയോയിൽ, റേഷൻ നൽകണമെങ്കിൽ 20 രൂപ മുടക്കി പതാക വാങ്ങണമെന്ന് കടക്കാർ നിർബന്ധിക്കുന്നതായി ചിലർ പറയുന്നു. മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് റേഷൻ വാങ്ങാനെത്തുന്നവരെ പണം കൊടുത്ത് പതാക വാങ്ങാൻ പ്രേരിപ്പിക്കുന്നതെന്നും റേഷൻ വിതരണരക്കാർ വിശദീകരിച്ചു. റേഷൻ കാർഡ് ഉടമകൾ ദേശീയ പതാക വാങ്ങിയില്ലെങ്കിൽ അർഹമായ ധാന്യം നിഷേധിക്കുന്നുവെന്നും പാവപ്പെട്ടവന്റെ ഹൃദയത്തിലുള്ള ത്രിവർണ പതാക പണം നൽകി വാങ്ങിപ്പിക്കുന്നത് ലജ്ജാകരമാണെന്നും വരുൺഗാന്ധി പറഞ്ഞു. ഹരിയാനയിലെ കർണാലിലെ വാർത്താ ചാനലാണ് വീഡിയോ ചിത്രീകരിച്ചത്.

റേഷൻ വാങ്ങാനെത്തുന്ന ഓരോ വ്യക്തിയും 20 രൂപയ്ക്ക് പതാക വാങ്ങി വീട്ടിൽ വയ്ക്കണമെന്ന് തങ്ങൾക്ക് ഓർഡർ ലഭിച്ചിരുന്നതായി റേഷൻ ഡിപ്പോയിലെ ജീവനക്കാരനെന്ന് തോന്നിപ്പിക്കുന്ന ഒരാൾ വീഡിയോയിൽ പറയുന്നു. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകരുതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അയാൾ വ്യക്തമാക്കി.

വീഡിയോ വൈറലായതോടെ ഡിപ്പോ ഉടമയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ഡിപ്പോ ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അനീഷ് യാദവ് പറഞ്ഞു. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ അധികൃതരെ അറിയിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങളുടെ സൗകര്യാർത്ഥം ദേശീയപതാകകൾ റേഷൻ ഡിപ്പോകളിൽ വിൽക്കുന്നുണ്ടെന്നും അവർക്ക് വേണമെങ്കിൽ വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.