ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരായി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സർക്കാരിന് കീഴിൽ രാജ്യത്തുണ്ടാകുന്ന വിലക്കയറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് പ്രതിഷേധിച്ച കോൺഗ്രസിന്റെ രീതിയെയാണ് ദുർമന്ത്രവാദവുമായി താരതമ്യപ്പെടുത്തി മോദി പരിഹസിച്ചത്.

''ബ്ലാക്ക് മാജിക്കിൽ വിശ്വസിക്കുന്നവർക്ക് ഒരിക്കലും ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയില്ല. ചിലർ നിരാശയിലും നെഗറ്റിവിറ്റിയിലും മുങ്ങി മന്ത്രവാദം നടത്തുന്നു. ബ്ലാക്ക് മാജിക് പ്രചരിപ്പിക്കാനുള്ള ശ്രമം നടന്നത് ഓഗസ്റ്റ് അഞ്ചിന് നമ്മൾ കണ്ടതാണ്. കറുത്ത വസ്ത്രം ധരിച്ചതുകൊണ്ട് നിരാശയുടെ സമയം അവസാനിക്കുമെന്നാണ് ഇക്കൂട്ടർ കരുതുന്നത്,'' മോദി പറഞ്ഞു.

''എന്നാൽ, എത്രയൊക്കെ ദുർമന്ത്രവാദം ചെയ്താലും അന്ധവിശ്വാസങ്ങളിൽ വിശ്വസിച്ചാലും തിരിച്ച് ജനങ്ങൾ ഇവരെ ഒരിക്കലും വിശ്വസിക്കില്ലെന്ന് ഇവർ മനസിലാക്കുന്നില്ല,'' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചത്. ശിലാസ്ഥാപനത്തിന്റെ വാർഷികമായിരുന്നു ഓഗസ്റ്റ് അഞ്ച്.

വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് 'ചലോ രാഷ്ട്രപതി ഭവൻ' മാർച്ച് ആസൂത്രണം ചെയ്തിരുന്നു. എന്നാൽ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിക്കുകയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രിയങ്കാ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും കേന്ദ്ര സർക്കാരിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയർന്നത്.