തനിക്ക് അപകടം പറ്റി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നടൻ സുദേവ് നായർ. വലതു കാലിലെ കണങ്കാലിന് സ്പോർട്സ് ഇഞ്ചുറി ഉണ്ടായിരുന്നു അത് ശരിപ്പെടുത്താൻ ശസ്ത്രക്രിയ ചെയ്തതാണെന്നും സുദേവ് പറയുന്നു. മുംബൈയിൽ വന്ന സിജു വിത്സൺ തന്നെ കാണാൻ എത്തിയപ്പോൾ എടുത്ത ചിത്രമാണ് തനിക്ക് അപകടം പറ്റിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിക്കുന്നത്. കാലിലെ ശസ്ത്രക്രിയ വിജയകരമായിരുന്നു, ഉടൻ തന്നെ പൂർവസ്ഥിതി പ്രാപിക്കുമെന്നും സുദേവ് നായർ പറഞ്ഞു.

ചെറുപ്പം മുതൽ ബാസ്‌കറ്റ് ബോൾ ജിംനാസ്റ്റിക്‌സ് എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. നന്നായി വർക്ഔട്ട് ചെയ്യും. അങ്ങനെ വർഷങ്ങൾ കൊണ്ട് ഉണ്ടായിവന്ന ഒരു പ്രശ്‌നമാണ്, വലതു കാലിലെ കണങ്കാലിനെ അലട്ടിയത്. അതിനു ലിഗ്മെന്റ് റീകൺസ്ട്രക്ഷൻ സർജറി ചെയ്തിരിക്കുകയാണ്. കണങ്കാൽ ബലപ്പെടുത്താൻ വേണ്ടി ശസ്ത്രക്രിയ ചെയ്തതാണ്. മൂന്നുമാസം ആണ് സുഖപ്പെടാനുള്ള കാലാവധി അതിനു ശേഷം പഴയതുപോലെയുള്ള പ്രവർത്തനങ്ങളിലേക്ക് മടങ്ങാം. ഇടയ്ക്കിടെ കാലിനു ഒരു ചെറിയ പ്രശ്‌നം തോന്നുന്നുണ്ടായിരുന്നു, ഷൂട്ടിങ്ങിനു ഒരു നീണ്ട ഇടവേള കിട്ടിയതുകൊണ്ടാണ് ഇപ്പോൾ ചികിത്സ ചെയ്തത്. അത് കഴിഞ്ഞാൽ കൂടുതൽ തിരക്കുകളിലേക്ക് പോകും അപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല.

ജൂലൈ 30ന്് മുംബൈ ലീലാവതി ആശുപത്രിയിലായരുന്നു സുദേവിന്റെ ഓപ്പറേഷൻ. ഫിസിയോതെറാപ്പി ചെയ്ത് കാല് പഴയ മൂവേമെന്റിലേക്ക് കൊണ്ടുവരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പതിയെ നടന്നു തുടങ്ങാം, ഈ മാസം അവസാനത്തോടെ ഷൂട്ടിങ്ങിലേക്ക് മടങ്ങാൻ കഴിയുമെന്ന് കരുതുന്നു.