തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി ആർ.സുന്ദരേശൻ നായർക്ക്(82) കേരളത്തിന്റെ അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നെയ്യാറ്റിൻകര എംഎ‍ൽഎ., എൻ.എസ്.എസ്. നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ്, പി.എസ്.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എൻ.എസ്.എസ്. പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയത്. എൻ.എസ്.എസിന്റെ രാഷ്ട്രീയപ്പാർട്ടിയായ എൻ.ഡി.പി.യുടെ സ്ഥാനാർത്ഥിയായി നെയ്യാറ്റിൻകരയിൽനിന്ന് അഞ്ചും ആറും കേരള നിയമസഭകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

നെയ്യാറ്റിൻകര മരുതത്തൂർ മഞ്ചത്തല വീട്ടിൽ ജനിച്ച സുന്ദരേശൻ നായർ, ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അദ്ധ്യാപനരംഗത്തിറങ്ങി. തിരുവനന്തപുരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസസ്ഥാപനമായ വിക്ടറി ട്യൂട്ടോറിയൽ കോളേജിന്റെ സ്ഥാപകനും അദ്ധ്യാപകനുമായിരുന്നു. 1977-ലെയും 1980-ലെയും തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിലെ ആർ.പരമേശ്വൻ നായരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ 107 ദിവസം കെ.കരുണാകരൻ മന്ത്രിസഭയിൽ ആരോഗ്യ, ടൂറിസം മന്ത്രിയായി. 1982-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയിലെ എസ്.ആർ.തങ്കരാജിനോട് നെയ്യാറ്റിൻകരയിൽ പരാജയപ്പെട്ടു. തുടർന്ന് പി.എസ്.സി. അംഗമായി.

എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയായിരുന്ന കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലെത്തിച്ചത്. എൻ.ഡി.പി. ജനറൽ സെക്രട്ടറിയായും കേരള സർവകലാശാലാ സെനറ്റംഗമായും പ്രവർത്തിച്ചിട്ടുണ്ട്.മന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വിദേശത്തു ജോലിചെയ്ത രാഷ്ട്രീയനേതാവെന്ന അപൂർവതയും സുന്ദരേശൻ നായർക്കുണ്ട്. ഹോങ്കോങ്ങിലെ ലോട്ടസ് ഫോറക്‌സ് കമ്പനിയിൽ ഹ്യൂമൻ റിസോഴ്സ് മാനേജരായി അദ്ദേഹം അവസാനകാലത്തു ജോലിചെയ്തിരുന്നു. തിരഞ്ഞെടുപ്പുകൾ വരുത്തിയ സാമ്പത്തികബാധ്യത മൂലമാണ് അദ്ദേഹത്തിനു വിദേശത്തു ജോലിക്കുപോകേണ്ടിവന്നത്.

സെക്രട്ടേറിയറ്റിൽനിന്ന് അഡീഷണൽ സെക്രട്ടറിയായി വിരമിച്ച ബി.ലീലാകുമാരിയാണ് ഭാര്യ. മക്കൾ: പ്രീത എസ്.നായർ(അക്കൗണ്ട്സ് ഓഫീസർ, എൽ.ഐ.സി.), പ്രതിഭ എസ്.നായർ(അസിസ്റ്റന്റ് പ്രൊഫസർ, എം.ജി. കോളേജ്, തിരുവനന്തപുരം), പ്രതീക് എസ്.നായർ(ഹോങ്കോങ്). മരുമക്കൾ: അഡ്വ. എസ്.സുദീപ്(വഞ്ചിയൂർ കോടതി), ഗോപകുമാർ പി., നിഷ ജി.ആർ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30-ന് തൈക്കാട് ശാന്തികവാടത്തിൽ.