- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വർഷം മുൻപു മരിച്ച കന്യാകുമാരി സ്വദേശിയുടെ ചിതാഭസ്മം അന്ത്യകർമങ്ങൾക്കായി നാട്ടിലേക്ക്; സിജോയ്ക്കും താഹിറയ്ക്കും നന്ദി പറഞ്ഞ് ഒരു കുടുംബം
ദുബായ്: രണ്ട് വർഷം മുൻപു മരിച്ച കന്യാകുമാരി സ്വദേശിയുടെ ചിതാഭസ്മം അന്ത്യകർമങ്ങൾക്കായി ഉടൻ നാട്ടിലെക്കും. പിതാവിന്റെ ചിതാഭസ്‌നം മക്കളുടെ അടുത്തെത്തിക്കാൻ വഴിയൊരുക്കിയ കോട്ടയം സ്വദേശി സിജോ പോളിനും കോഴിക്കോട് സ്വദേശി താഹിറ കല്ലുമുറിക്കലിനും നന്ദി പറയുകയാണ് ഒരു കുടുംബം മുഴുവനും. ചിതാഭസ്മം നാട്ടിലേക്കു കൊണ്ടുപോകാൻ താഹിറയ്ക്ക് അനുമതി ലഭിച്ചു.
2020 മെയ് 14ന് കോവിഡ് ബാധിച്ചു മരിച്ച രാജ്കുമാർ തങ്കപ്പന്റെ ചിതാഭസ്മമാണ് മലയാളികളുടെ കരുണയിൽ നാട്ടിലെത്തുന്നത്. രാജ്കുമാറിന്റെ മരണത്തിന് ഏതാനും നാൾ മുൻപു ഭാര്യയും മരിച്ചു. അച്ഛന്റെ ചിതാഭസ്മമെങ്കിലും ഒരു നോക്കുകാണാൻ മക്കൾ ആഗ്രഹിക്കുന്ന വിവരം വാട്‌സാപ് ഗ്രൂപ്പ് വഴിയാണ് സിജോ അറിഞ്ഞത്. ഉടൻ തന്നെ, ഭൗതിക അവശിഷ്ടം ഏറ്റുവാങ്ങാൻ തീരുമാനിച്ചു. രേഖകളെല്ലാം നാട്ടിൽ നിന്നുവരുത്തി നടപടികൾ പൂർത്തിയാക്കി ചിതാഭസ്മം കൈപ്പറ്റി. എന്നാൽ, ലോക്ഡൗൺ പ്രതിസന്ധികളും തുടർന്നുള്ള ജോലിമാറ്റവും കാരണം നാട്ടിലേക്കുള്ള യാത്ര നടന്നില്ല.
ചിതാഭസ്മം രാജ്കുമാറിന്റെ മക്കളുടെ പക്കലെത്തിക്കാൻ സിജോ ആഗ്രഹിക്കുന്ന വാർത്തകളിലൂടെ അറിഞ്ഞ അൽഐനിലെ ആരോഗ്യപ്രവർത്തക താഹിറ ഇതിനായി മുന്നിട്ടിറങ്ങുകയായിരുന്നു. കോവിഡ് മുന്നണിപ്പോരാളിയായ അവർ, തന്റെ കോവിഡ് കാല അനുഭവം കുറിച്ച ' ഈ സമയവും കടന്നു പോകും' എന്ന പുസ്തകം വിറ്റു കിട്ടിയ പണം രാജ്കുമാറിന്റെ മകന്റെ പഠനത്തിനു നൽകി.
പിന്നാലെയാണ്, ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള കർശന നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതും ഇന്നലെ അനുമതി ലഭിച്ചതും. ഇന്ത്യൻ കോൺസുലേറ്റിലെത്തിച്ചു സീൽ ചെയ്ത ചിതാഭസ്മം താഹിറ യാത്ര തിരിക്കും വരെ സിജോ സൂക്ഷിക്കും.