ഡെറാഡൂൺ: വിമാനത്തിലിരുന്ന് സിഗരറ്റു വലിച്ച വിഡിയോ വിവാദമായതിന് പിന്നാലെ നടുറോഡിൽ മദ്യം കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയാ താരം ബോബി കതാരിയ. ഇൻസ്റ്റഗ്രാം വീഡിയോ വൈറലായതിന് പിന്നാലെ ബോബി കതാരിയയ്‌ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. ഡെറാഡൂണിലെ തിരക്കുള്ള റോഡിലിരുന്ന് മദ്യപിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.

ജൂലൈ 28ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ബോബി പ്രചരിപ്പിച്ച വിഡിയോയ്‌ക്കെതിരെ വൻ രോഷം ഉയർന്നിരുന്നു. 'ഇത് ആസ്വദിക്കാനുള്ള സമയമാണ്' എന്ന കുറിപ്പോടെയാണ് നടുറോഡിൽ കസേരയിട്ട് ഇരുന്ന് മദ്യം കഴിക്കുന്ന വിഡിയോ പ്രചരിപ്പിച്ചത്. 'റോഡ് അപ്‌നെ ബാപ് കി' എന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കോടെയാണ് വിഡിയോ. ഐപിസി, ഐടി ആക്ടുകൾ പ്രകാരമാണ് ബോബിക്കെതിരെ കേസ് രജിസ്റ്റർ ചെയതിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

 
 
 
View this post on Instagram

A post shared by Bobby Kataria (@katariabobby)

ബോബിക്കെതിരെ പൊലീസ് കേസെടുത്തതു ട്വീറ്റു ചെയ്തതിനു താഴെയായി ഇയാളുടെ ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ ആളുകൾ പോസ്റ്റു ചെയ്തു. ബോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ ആറു ലക്ഷത്തിലധികം ഫോളവേഴ്‌സ് ബോബിക്കുണ്ട്.

നേരത്തെ സ്‌പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിച്ച വിഡിയോയിൽ പ്രതിരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്നും ഇത്തരം അപകടകരമായ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.